അവസാനമായി വീണ്ടും ഉളുപ്പില്ലാതെ ഞങ്ങൾ വഴക്കിട്ടു പിരിഞ്ഞു. തീർപ്പ് പറയാതെ, ഉപചാരം പറഞ്ഞൊഴിയാതെ, തിരിഞ്ഞു നോട്ടവും, കണ്ണ് നിറയ്ക്കും വരെ ബസിൽ നിന്ന് നോക്കി നിക്കാതെയുമുള്ള യാത്ര അയപ്പ്. അഞ്ചു വർഷത്തെ പ്രണയം. വഴക്കിട്ടും, പരിഭവിച്ചും, തമ്മിൽ കാണാനുള്ള നീളൻ യാത്രകൾ നിരന്തരം ചെയ്തും ഉണ്ടാക്കിയെടുത്ത പ്രണയം. ഇത്രയധികം ഞാൻ ഒരു കാമുകന് വേണ്ടി യാത്ര ചെയ്തിട്ടില്ല. അവനും അങ്ങനെ തന്നെയാണെന്ന് വേണം പറയാൻ. അപരിചിതമായ പല ബസ്സ് റൂട്ടുകളും ഒരു പക്ഷെ പഠിച്ചെടുത്തു.
കോഴിക്കോട് നിന്ന് പാലക്കാട് ബസ്സ് കേറി അര്യമ്പാവ് ഇറങ്ങി കരിമ്പുഴ വഴി ശ്രീകൃഷ്ണപുരം. ബാപ്പുജി പാർക്ക് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പ്. അവിടെയാണ് ഇറങ്ങേണ്ടത്.
അങ്കമാലി റയിൽവേ സ്റ്റേഷൻ ഇറങ്ങി നേരെ മുന്നിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നിന്ന് കൊരട്ടി ബസ്സ് കേറി ചിറങ്ങര എത്തും മുൻപേ ഇറങ്ങണം. അപ്പോളോ ആശപത്രി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ്. ആശുപത്രി വലുതാണ്. ('You won't miss it.')
മൈസൂരിൽ ഇറങ്ങി ഒരു uber വിളിച്ചാൽ മതി. കമ്പനിയുടെ ഫസ്റ്റ് ഗേറ്റിൽ നിറുത്തി തരും.
തമ്പുരാൻ മുക്കിൽ ഇറങ്ങി കമ്പനിക്ക് അടുത്തുള്ള വഴിയിലൂടെ ഉള്ളോട്ട് ഒന്ന് നടന്നാൽ മതി. ഒരു വീടിൻ്റെ മുകളിൽ അണ് ഞാൻ താമസം.
ഈ അഞ്ചു വർഷത്തിനിടെ എത്രയെത്ര വഴി പറയലുകൾ ഉണ്ടായിട്ടുണ്ട് നമ്മൾ തമ്മിൽ! അന്നു നമ്മൾ ഉപചാരങ്ങൾ ഒന്നും പറയാതെ പിരിഞ്ഞപ്പോ ഞാൻ കരുതി നമ്മൾ ഇനി കാണുകില്ലെന്ന്. ഒരു വഴക്കിൻ്റെ ഒടുവിൽ പിരിഞ്ഞു തീരുമെന്ന്. അന്നു വൈകീട്ട് തന്നെ മിനക്കെട്ട് നീ ഫോർട്ട് കൊച്ചിയിലെത്തിയപ്പോൾ ഞാൻ സന്തോഷിച്ചു. ഫോർട്ട് കൊച്ചിയിൽ വരുമ്പോഴൊക്കെ പോവാറുള്ള ബീർ പാർലറിൽ വച്ച് നീ വീണ്ടും പരിഭവം പറഞ്ഞു. ഞാനും സുഹൃത്ത് ധവനും നീയും കൂടിയിരുന്നു രസിച്ചിരിക്കുമ്പോഴാണ് നീ പതിയെ എന്നോട് പറയുന്നത്:
"നിൻ്റെ പഴയ കാമുകനെ കുറിച്ചൊക്കെ പറയുമ്പോഴും... എന്നെ കുറിച്ച് നിൻ്റെ സുഹൃത്തുക്കൾ പറയുമ്പോഴും ....നല്ല വെത്യാസമുണ്ട്"
എന്ത് പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം നിന്നെ തന്നെ നോക്കിയിരുന്നു. ബീർ പർലറിൻ്റ തിളങ്ങുന്ന വെളിച്ചത്തിൽ നിൻ്റെ മുഖം ഞാൻ കണ്ണിമ വെട്ടാതെ ഒന്ന് നോക്കി.
"അല്ല ഞാൻ പറഞ്ഞു എന്നേ ഉള്ളൂ" നീ പരിഭവം മറച്ചു പറഞ്ഞു വച്ചു.
നീ അത് പറഞ്ഞപ്പോൾ എന്നോട് തന്നെ എനിക്കൊരു സംശയം അണ് തോന്നിയത്. നേരാണ്. നമ്മൾ വഴക്കിടുമ്പോഴൊക്കെയും ഞാൻ പലതും അവരോട് പറഞ്ഞിട്ടുണ്ട്. മുന്നിലിരിക്കുന്ന കുപ്പികളുടെ എണ്ണം കൂടുന്നത് പോലെ ചിന്തകൾ കൂടുന്നില്ല. മഞ്ഞവെളിച്ചത്തിൽ ബീർ ചില്ലുഗ്ലാസിൽ ഇരുന്ന് കുമിളയിട്ടിരിക്കുന്നു. ഒരു സിപ്പ് എടുത്ത് ഞാൻ ആലോചിച്ചു. എൻ്റെ ജീവിതത്തിൽ ഏറ്റവും വേണ്ടപ്പെട്ട മനുഷ്യരിൽ ഒരാളാണ് ഈ ചോദിക്കുന്നത്. Come out ചെയ്തപ്പോഴും, വീട്ടിലും നാട്ടിലും ഓടി നടന്ന് പ്രസംഗിച്ചു നടന്നപ്പോഴും കൂടെ നടന്നവൻ.
"ടാ, നീ ആയിരുന്നില്ലേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നത്. Come out ചെയ്തപ്പോഴും..."
മുഴുവനായി പറയാൻ സമ്മതിക്കാതെ നീ ഇടയ്ക്ക് കയറി പറഞ്ഞു.
" ചെക്കാ, ഞാൻ പറഞ്ഞെന്നെ ഉള്ളൂ.
തോന്നി. പറഞ്ഞു.
അതിനെ കുറിച്ച് നീ ഇനി ആലോചിക്കേണ്ട"
കുപ്പി എട്ടൊമ്പത് കഴിഞ്ഞപ്പോൾ ഫോർട്ട് കൊച്ചി ബീച്ചിൽ പോവണമെന്നായി നിനക്ക്. കൂട്ടുപിടിക്കാൻ എൻ്റെ ധവനും.
"ഫോർട്ട് കൊച്ചി രാത്രിയിൽ അത്ര നല്ല സ്ഥലമല്ല" എൻ്റെ ഉള്ളിലെ പേടി മറച്ച് ഞാൻ വെറുതെ പറഞ്ഞു വച്ചു ഒരു വയസ്സൻ്റെ ദീർഘവീക്ഷണം നടിച്ചു ഞാൻ പറഞ്ഞിട്ടു. നാക്ക് നല്ലപോലെ കൊഴയുന്നുണ്ട്.
"ഫോർട്ട് കൊച്ചി രാവിലെ ഉള്ള പോലെ തന്നെയാണ് രാത്രിയും. ഇപ്പൊ ഇറങ്ങിയില്ലെങ്കിൽ ഞാൻ അവസാന ബോട്ടിന് വീട്ടിലേക്ക് തിരിച്ചു പോവും"
നിൻ്റെ തിരിച്ചുപോവുമെന്ന ഭീഷണിയിൽ ഞാൻ ഒന്നും പറഞ്ഞില്ല.
കൂടെ നടന്നു.
വർഷങ്ങളുടെ പ്രണയത്തിനിടയിൽ ഒരു നൂറു തവണ ഞാൻ നിന്നോട് വഴക്കിട്ടിറ്റുണ്ടാവും. പക്ഷേ, ഇന്ന് ഞാൻ ഒന്നും പറയുന്നില്ല. രണ്ട് മൂന്നു ദിവസം. അതിനപ്പുറം വിചാരിച്ചാൽ പോലും എത്താൻ ആവാത്ത ദൂരങ്ങളിൽ നീ പോവുകയാണ്. അതോർത്ത് ഇത്തവണ നിൻ്റെ ഭ്രാന്തന് ഞാൻ കൂട്ട്വരാമെന്ന് വച്ചു.
കഴിഞ്ഞ കൊറോണ കാലത്തിലാണ് നമ്മൾ വഴി പിരിയുന്നത്. എന്നാലും അഞ്ചു കൊല്ലം പ്രണയിച്ച മനുഷ്യനെ എങ്ങനെയാണ് ചുരുങ്ങിയ കാലം കൊണ്ട് മറക്കാൻ കഴിയുക! ബ്രേക്ക് അപ്പ് ആയിട്ട് രണ്ട് കൊല്ലമായിട്ടും നമ്മൾ ഇപ്പോഴും സംസാരിക്കുന്നുണ്ട്, ഉമ്മ വയ്ക്കുന്നുണ്ട്. അല്ലെങ്കിലും പ്രണയിച്ച ആളുകളെ ഒക്കെ മറക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പരസ്പരം കണ്ടുമുട്ടുമ്പോൾ, അത് എത്ര കാലങ്ങൾ കഴിഞ്ഞാലും, പഴയ സ്ലൈഡ് പ്രൊജക്റ്റിൻ്റെ സ്ലൈഡ് വീഴുന്ന പോലെ നമ്മൾ ഇരുവരും മറന്നുപോയ സ്ഥാനങ്ങളിൽ വന്ന് വീഴും. പഴയപോലെ മിണ്ടുകയും ഉമ്മവയ്ക്കുകയും ചെയ്യും. അടുത്ത തവണ നീ വരുമ്പോൾ വീണ്ടും നമ്മൾ ഒരുമിക്കും. ഒരു ചെറിയ നേരത്തേക്ക് എങ്കിലും പഴയ പ്രണയം അഭിനയിക്കും.
നീ എൻ്റെ കൈപിടിച്ച് വലിച്ചു കൊണ്ടു പോവുകയാണ്. കുടിച്ച ബീർ മൊത്തം തലയിൽ ഉള്ളതുകൊണ്ട് നേരെ ചൊവ്വേ നടക്കാൻ ഞാൻ ഒരുാപാട് ബുദ്ധിമുട്ടി. പുറത്ത് അതൊന്നും കാട്ടാതെ നിൻ്റെ കൂടെ ഫോർട്ട് കൊച്ചിയിലെ കല്ല് പതിച്ച നടവഴികളിൽ രാത്രി ഞാൻ നടന്നു.
ഒരു ഫോൺ വിളി അകലെ മാത്രമായിരുന്നു എപ്പോഴും നീ. റിസർച്ച് ലാബിലെ മനസ്സു മടുക്കളിൽ പല സായാഹ്നങ്ങളും ഞാൻ നിന്നെ വിളിച്ചു കരയാറുണ്ടായിരുന്നു. അങ്ങനെ കരഞ്ഞ ദിവസങ്ങളിൽ ഒക്കെയും നീ പിറ്റേന്ന് തന്നെ തിരുവനന്തപുരത്തേക്ക് വണ്ടി കേറാറുമുണ്ടായിരുന്നു. രണ്ടു മനുഷ്യർക്ക് അടുക്കാവുന്നതിൻ്റെ പരമാവധി നമ്മൾ അടുത്തു. അത്രയ്ക്ക് അടുത്ത മനുഷ്യര് ഇനി കാണൽ ഉണ്ടാവില്ലെന്ന് പറഞ്ഞു പിരിയമ്പോൾ വല്ലാത്തൊരു സങ്കടം ഉണ്ടാവും.
ഒരു പക്ഷെ നമ്മൾ ഇരുവരും കാണില്ലായിരിക്കും. ഒരുമിക്കില്ലായിരിക്കും.
നീ നാട്ടിൽ തന്നെ നിന്നാൽ തന്നെയും ഒരു പക്ഷെ നമ്മൾ ഇരുവരും വേറെ വഴികളിൽ നടന്നു പോയേനെ. പക്ഷേ നീ പോവുന്നതിലൂടെ ഒന്നായേക്കാമെന്ന സാധ്യത അണ് ഇല്ലാതാവുന്നത്. പ്രണയത്തിൻ്റെ സാധ്യത എടുത്തു മാറ്റപ്പെടുകയാണ്, അരക്ഷിതമാകയാണ്. സ്വാർത്ഥമെങ്കിലും അതിൻ്റെ മുന്നിലാണ് ഞാൻ നിസ്സഹായൻ ആവുന്നത്.
പോവുന്നതിനു മുൻപേ ഒരുപാട് നേരം കൂടെ ഇരിക്കണമെന്ന് ഞാൻ അല്പം ആഗ്രഹിച്ചു പോയിരുന്നു. അതുകൊണ്ട് നീ നടന്ന വഴിയേ ഞാൻ നടന്നു. ഫോർട്ട് കൊച്ചിയിലെ ചീന വലകൾ രാത്രിയിലാണ് സജീവം. റോഡിൻ്റെ ഒരു ഓരം ചേർന്ന് നിൻ്റെ കൂടെ നടന്ന് നടന്ന് പോവുകയാണ്. ബീച്ചിലെ പഴയപാലത്തിൽ നമ്മൾ രണ്ടുപേരും ചേർന്ന് ഇരുന്നു. നീ എന്നോടും ഞാൻ നിന്നോടും ഒന്നും പറയാതെ ഉമ്മകൾ കൈമാറി. അടിച്ചു കയറ്റിയ ബീറിൻ്റെ ധൈര്യത്തിൽ നമ്മൾ വീണ്ടും ഉമ്മവച്ചു. നിൻ്റെ ചുണ്ടുകൾക്ക് ബീരിൻ്റെയും സിഗരറ്റിൻ്റെയും രുചി.
നമ്മളെ കണ്ടില്ലെന്ന് നടിച്ചു സുഹൃത്ത് അകലങ്ങളിലേക്ക് നോക്കിയിരുന്നു. ബീച്ചിൻ്റെ മറുവശത്തെ ഷിപ്പ് യാർഡ്ൻ്റെ മഞ്ഞ വെളിച്ചം തിരകളിൽ തിളങ്ങി നടന്നു. നിന്നെ ഒരിക്കൽ കൂടി ചുണ്ടിൽ ഉമ്മ വച്ചു ഞാൻ നിൻ്റെ തോളിൽ ചരിഞ്ഞു. കൂടെയുള്ള സുഹൃത്തിന് എന്ത് കരുതുമെന്നു വിചാരിച്ചു ഞങ്ങൾ പാലത്തിൽ നിന്ന് എഴുന്നേറ്റ് അവനുമായി വീണ്ടും കുറേ നേരം സംസാരിച്ചു, ബോട്ട് ജെട്ടിക്ക് അടുത്തുള്ള ഞങ്ങളുടെ ഹോട്ടൽ മുറിയിലേക്ക് തിരിച്ചു പോയി.
ബീയറിൻ്റെ ശക്തിയിൽ നീ നേരത്തെ ഉറങ്ങി പോയിരുന്നു. ഞാൻ ഉറക്കമില്ലാതെ നിന്നെ തന്നെ നോക്കിയിരുന്നു. ഒടുവിലായി നമ്മൾ ഒരു കിടക്കയുടെ ഇരുവശവും ചേർന്ന് കിടക്കുകയാണ്. വിരിപ്പിൻ്റെ മടക്കുകൾക്കിടയിൽ നീ തലയണയുടെ അടിയിൽ മുഖം വച്ചു കിടക്കുകയാണ്. ഒരു പ്രണയത്തിൻ്റെ അധ്യായം എന്നെന്നേക്കുമായി അടച്ചിടുന്ന പോലെ. നീ അലക്ഷ്യമായി വിരികൾക്ക് ഇടയിൽ തുറന്ന് വച്ച കയ്യുള്ളത്തിൽ ഞാൻ ഉമ്മ വച്ചു. ഞരക്കത്തോടെ നീ എന്നെ ചേർത്തു പിടിച്ചു.
എൻ്റെ കണ്ണുകൾ ഭാരം വച്ചു തുടങ്ങി. ഞാൻ മനസിലോർത്തു "നിന്നിലേക്ക് ഉള്ളതായിരുന്നു എനിക്ക് ഇന്നോളം തെറ്റിയ വഴികളോക്കെയും". ആ ചിന്തയുടെ അവസാന വേരുകളിൽ ഞാൻ ഉറക്കത്തിലേക്ക് വഴുതി.
****
എത്രയോ നാളുകൾക്ക് ശേഷം ഇത് വഴിയൊക്കെ വെറുതെ നടന്നപ്പോൾ ഇതും മറ്റു പോസ്റ്റുകളും കണ്ടു . ഒക്കെ നന്നായിട്ടുണ്ട് , എല്ലാത്തിലും സത്യത്തിന്റെ സൗന്ദര്യമുണ്ട്
ReplyDelete