നിൻ്റെ മരിപ്പിന്റെ അന്നാവും ഞാൻ ആദ്യമായി നിൻ്റെ വീട്ടിലേക്ക് വരുന്നത്.
നീ പറഞ്ഞതുപോലെ തന്നെയുള്ള വീടിൻ്റെ മുന്നിലൊരു ടാർപോളിൻ വിരിച്ചു കാണും.
കയറി വരുമ്പോൾ തന്നെ ആളുകൾ എന്നെ നോക്കി നിൽക്കും. ആരെന്ന് ഒരുപാട് നോട്ടങ്ങൾ ചുറ്റും വീഴും.
ഉത്തരങ്ങൾ ഒന്നും പറയാതെ നിന്നെ കിടത്തിയ ഇടനാഴികയിൽ ഞാൻ കയറിച്ചെല്ലും.
എന്നെ കാണുമ്പോൾ ഒരിക്കൽ കൂടി ശക്തിയെടുത്തു പെണ്ണുങ്ങൾ ഉറക്കെ കരയും.
നീ മരിക്കുമ്പോൾ അവശേഷിക്കുന്ന ഒടുവിലത്തെ സാക്ഷി ഞാൻ മാത്രമാവുമെന്ന് ഞാനോർക്കും.
കരച്ചിലിൻ്റെ കൂടെ ഞാനും ചേരും.
എത്ര തന്നെ ഞാൻ നിലവിളിച്ചു കരഞ്ഞാലും ഇത്ര കരയുന്നത് എന്തിനെന്ന് ആളുകൾ കുശുകുശുക്കും.
സുഹൃത്ത് ആയിരുന്നു, സീനിയർ ആയിരുന്നു, കൂടെ ജോലി ചെയ്യുന്ന ആളായിരുന്നു എന്നൊക്കെ പലരും അവകാശപ്പെടും.
ഞാൻ ഇയാളെ പ്രണയിച്ചിരുന്നെന്നു ഉറക്കെ പറയുമ്പോൾ നിരത്താൻ തെളിവുകൾ ഒന്നുമില്ലാതെ ഞാൻ പരിഭ്രാന്തിപ്പെടും.
എൻ്റെ മകൻ അത്രക്കാരൻ അല്ലെന്ന് നിൻ്റെ അമ്മയും, വീട് മാറിയതാണെന്നു അച്ഛനും തുറന്നു വാദിക്കും.
ഇത്തരക്കാരെ കൊണ്ടു നടക്കാൻ ആവാത്ത അവസ്ഥയാണെന്ന് മരണാനന്തര ചടങ്ങുകൾ നോക്കുന്ന കാരണവർ ഇറക്കെ അഭിപ്രായപ്പെടും.
ഇറങ്ങി ഒന്നു പോയിത്തരുമോയെന്ന് അനിയത്തിയും, മരണവീടാണെന്നു ഓർക്കണമെന്ന് നാട്ടുകാരും താക്കീത് തരും.
ഒന്നും ചെയ്യാനില്ലാതെ ഒരു മരണവീട്ടിൽ ഒറ്റയ്ക്കാവുന്ന പോലെ തോന്നും. ദൂരെ നിന്ന് മാത്രം ശവം അടക്കുന്നത് ഞാൻ നോക്കി നിക്കും. കൂടെ ചേർന്ന് കരയാൻ ആളുകളെ നോക്കുന്നിടത്ത് മുഖം കോട്ടി ചിരിച്ചു കാണിക്കുന്ന ഒരു കൂട്ടം മാത്രം കാണും.
അവശേഷിക്കുന്ന തെളിവും അടക്കി തിരിച്ചു വരുന്ന നിൻ്റെ ബന്ധുക്കൾ ഒരു വരി അപ്പുറത്ത് കൂടെ നടന്നു പോവും. പ്രണയത്തിൻ്റെ അവസാന സാക്ഷിയായി ഞാൻ അവിടെ നിൽക്കും. കരയാൻ അവകാശമുള്ളവർ മാത്രം അപ്പോഴും കരയുന്നുണ്ടാവും.
അതുകൊണ്ടു നിൻ്റെ മരിപ്പിൻ്റെ അന്ന് ഞാൻ അവധിയെടുത്തു വീട്ടിൽ അടച്ചിരിക്കും. ഓർമകളൊക്കെയും അവശേഷിച്ച കേസ് ഡയറി പോലെ ഞാൻ സൂക്ഷിച്ചു വയ്ക്കുന്നുണ്ടാവും.
കരയാൻ അവകാശമുള്ളവർ മാത്രം അപ്പോഴും കരയുന്നുണ്ടാവണം
Comments
Post a Comment