Photo by yoav hornung on Unsplash |
തിങ്കളാഴ്ച കോച്ചിങ് ക്ലാസ്സിലായിരുന്നു ഡ്യൂട്ടി. എം. സി. സി സ്റ്റാൻഡിൽ ബസ് ഇറങ്ങി വേഗത്തിൽ സെന്ററിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും മനസ്സിലൊരായിരം ശബ്ദങ്ങൾ ആയിരുന്നു. അമ്മയോട് കലഹിച്ചു ഇറങ്ങിയതാണ് വീട്ടിൽ നിന്നും. ഗേ ആണെന്ന് വീട്ടിൽ അറിഞ്ഞതിന് ശേഷം അത്ര നല്ല രീതിയിലല്ല ഓരോ ദിവസവം കടന്നുപോവുന്നത്. ഒരു കണക്കിന് അവരോട് ഈ കാര്യം പറയണമെന്ന് തന്നെ എനിക്കില്ലായിരുന്നു. പക്ഷെ ഒരു ദിവസം അമ്മ തന്നെ ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. ഗേ എന്നാൽ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യൻ അച്ഛനമ്മമാർ തന്നെയാണ് എന്റെയും. ഒരിക്കലും അതിലൊരു മാറ്റം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. അതറിയാവുന്നത് കൊണ്ടു തന്നെയാണ് അവരെ അറിയിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചത്. എന്നാലും അമ്മ നേരിട്ട് ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചില്ല. എന്തിന് നിഷേധിക്കണം? ഇതെന്റെ അസ്ഥിസ്ത്വമാണ്. മറച്ചു വയ്ക്കാനോ നാണിച്ചു ഇരിക്കാനോ ഇനി വയ്യെന്ന അവസ്ഥയിലാണ് ഞാൻ തുറന്ന് പറയുന്നത്.
രാവിലത്തെ വെയിൽ എന്റെ മുഖത്ത് അടിച്ചുകൊണ്ടിരിക്കുന്നു. ഞാൻ മൊബൈൽ എടുത്തു ഇയർഫോണിൽ പാട്ടു കേട്ടുകൊണ്ടിരുന്നു. ഇന്നലെ രാത്രി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴായിരുന്നു അച്ഛൻ ചോദിച്ചത്:
"നിന്റെ ആ സുഹൃത്ത് ഇല്ലേ? മലാപ്പറമ്പ് വീട് ഉള്ള.... എന്റെ സുഹൃത്തിന്റെ മകൻ?"
"അതേ, അവൻ?"
"അവന്റെ കല്യാണം ഉറപ്പിച്ചു. ഡിസംബർ മറ്റോ ആണ് നിശ്ചയം"
"ഉം.." ഞാനൊന്ന് അമർത്തി മൂളി. അടുത്തിരിക്കുന്ന അമ്മയ്ക്ക് അതത്ര രസിച്ചില്ല. അച്ഛൻ തുടർന്നു
"നിനക്ക് അങ്ങനെ വിചാരം ഒന്നുമില്ലേ"
"എന്ത് വിചാരം"
"കല്യാണം കഴിക്കാൻ"
"ഞാൻ പറഞ്ഞല്ലോ ഞാൻ ഗേ ആണെന്ന്. ഇനി എന്നാണ് നിങ്ങൾ അതൊന്ന് മനസ്സിലാക്കുക"
"ഗേയോ അതെന്താ സാധനം"
"സ്വവർഗ്ഗഅനുരാഗം" അമ്മയാണ് പരിഹാസപൂർവ്വം അത് വിവർത്തനം ചെയ്തത്.
"അതേ ഞാൻ ഗേ ആണ്. സ്വവർഗ്ഗപ്രേമി!" അച്ഛൻ അത് കേട്ട് ഒന്നും മിണ്ടാതെ ചപ്പാത്തി കഴിച്ചുകൊണ്ടിരുന്നു. അമ്മ തുടർന്നു:
"നിനക്ക് നാണം ഇല്ലേ ഇമ്മാതിരി വൃത്തികേട് ഒക്കെ ചെയ്യാൻ?"
"ഞാൻ വൃത്തികേട് ഒന്നും ചെയ്തില്ല"
"പിന്നെ എന്താ ഇതിന് പറയുന്ന പേര്. ഇത് മഹാ വൃത്തികെട്ട പരിപാടി ആണ്. ഈ നാട്ടിൽ ഒന്നും കേൾക്കാത്ത സംഭവം."
"എന്നിട്ടല്ലേ സുപ്രീംകോടതി അങ്ങനെ വിധിച്ചത്"
"അവര് അങ്ങനെ ഒക്കെ പറയും. ഇത് നിന്റെ പ്രശനം ആണ്. നീ ഇതു തന്നെയേ ചെയ്യുകയുള്ളൂ എന്ന് നിശ്ചയിച്ചു ഇറങ്ങിയിരിക്കുക്കയാണ്. നിനക്ക് മാറാൻ യാതൊരു വിചാരവും ഇല്ല"
"അങ്ങനെ മാറാൻ പറ്റുമ്പോൾ മാറാവുന്ന ഒന്നല്ല ഇത്"
"അതൊക്കെ നിന്റെ തോന്നൽ ആണ്. നീ എന്താ കരുതിയിരുന്നത് ഒരു ആണിനെ കെട്ടി ജീവിക്കാം എന്നോ? ആളുകളൊക്കെ നിന്നെ പരിഹസിച്ചു ചിരിക്കില്ലേ?"
"ചിരിക്കുന്നവർ ഒക്കെ ചിരിക്കട്ടെ."
"ഇതൊന്നും ഇവിടെ നടക്കില്ല"
"വേണ്ട ഞാൻ നിങ്ങളുടെ അനുവാദം ഒന്നും ചോദിച്ചില്ല"
ഞാൻ ഭക്ഷണം കഴിച്ചു എഴുന്നേറ്റു. പാത്രം കഴുകാൻ അടുക്കളയിലേക്ക് പോയി.
"ആ ചെക്കനെക്കൂടി നീ വൃത്തികേടാക്കും. നിനക്കൊന്നും നാണം ഇല്ലേ" അമ്മ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
"ആ ചെക്കൻ" എന്ന എന്റെ കാമുകൻ ഇനി വഷളാവാൻ ഇല്ലെന്ന് ഓർത്തു ചിരിച്ചു കൊണ്ട് ഞാൻ വായകഴുകി തുപ്പി. ഇതൊന്നും എന്നെ ബാധിക്കുന്നേയില്ല എന്നത് എത്രയോ നല്ലത് ആണെന്ന് ആലോചിച്ചു കൊണ്ട് ഞാൻ മുകളിലെ മുറിയിലേക്ക് കയറി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പായുമ്പോൾ ഇതൊന്നും ഞാൻ ഓർത്തിരുന്നെയില്ല.
ചെവിയിലേക്ക് ഇയർഫോൺ കുറച്ചു കൂടെ തിരുകി കേറ്റി ഞാൻ ആനിഹാൾ റോഡിലേക്ക് കയറി. വേഗത്തിലൊരു ഓട്ടോ എന്റെ അടുത്തു കൂടെ കയറി പോയി. ഓട്ടോ ഡ്രൈവർ 'എങ്ങോട്ട് നോക്കിയാണ് നടക്കുന്നത് കയ്യുയർത്തി' എന്തോ പറഞ്ഞു. റീത്ത ഓറയുടെ I will never let you down ഉറക്കെ ചെവിയിൽ പാടിയത് കൊണ്ട് അയാൾ വിളിച്ചു പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. ഒന്നു പരിസരം ഒക്കെ നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ മുന്നോട്ട് നടന്നു.
Sex determination - ആണ് ഇന്നത്തെ വിഷയം. പ്രൈമറി സെക്സ് ഡിറ്റർമിനേഷൻ, സെക്കൻഡറി സെക്സ് ഡിറ്റർമിനേഷൻ, ജീനുകൾ, ഹോർമോണുകൾ, dax gene ഡ്യൂപ്ലിക്കേഷൻ, intersex അങ്ങനെ അങ്ങനെ. മനുഷ്യനിലെയും, പഴ ഈച്ചയിലേയും ജീനുകൾ അതിലെ വ്യതിയാനങ്ങൾ. രാവിലെ എല്ലാം നോക്കി ചയകുടിക്കുന്നതിനിടയിൽ അമ്മ അടുത്തു വന്നിരുന്നു.
"ഇന്നലെ പറഞ്ഞത് ഒക്കെ ഓർമയുണ്ടോ? നീ നല്ലപോലെ നടക്കാൻ അല്ലെ ഞങ്ങൾ ഇങ്ങനെ പറയുന്നത്"
"ഉം.." എഴുതിയുണ്ടാക്കിയ നോട്ടുകളിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ മൂളി.
"നീ അങ്ങനെ ഇനി നടക്കരുത് എന്ന് തീരുമാനം എടുത്താൽ മതി. എല്ലാം ശരി ആവും. നീ ഇതൊരു ശീലം ആക്കുന്നതാണ് എല്ലാത്തിനും പ്രശനം"
"അമ്മേ...സമയം ഇല്ല. ഞാൻ ഗേ ആണ്. അമ്മ വേണമെങ്കിൽ അംഗീകരിക്ക് ഇല്ലെങ്കിൽ പ്രശനം ഇല്ല. ഞാൻ ചീത്ത ആണെന്ന് കരുതിയാലും മതി" പുട്ടിന്റ ഒരു കഷണം വായിലിട്ട് ഞാൻ പാത്രം കഴുകാൻ അടുക്കളയിലേക്ക് ഓടി.
"എടാ നീ ഞാൻ പറയു..."
"സമയമില്ല... ഞാൻ പോണ്" ചെരുപ്പിട്ട് ബാഗ് പിടിച്ചു ഞാൻ ബസ്റ്റോപ്പിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നേരിട്ടുള്ള ബസിൽ കയറിയപ്പോഴാണ് സമാധാനമായത്.
ഓരോന്ന് ആലോചിച്ചു സമയം 9:20 ആയി. കോച്ചിങ് സെന്ററിയിലേക്കുള്ള നടത്തത്തിന് ഞാൻ വേഗം കൂട്ടി. സെന്ററിന്റെ സ്റ്റെപ്പ് കയറി ഞാൻ ഓഫീസിലേക്ക് നടന്നു. അവിടെ നിന്ന് മൈക്ക് എടുത്തു നേരെ ക്ലാസ്സിൽ കയറി.
"ഇന്ന് നമ്മൾ discuss ചെയ്യാൻ പോവുന്ന ടോപിക് sex determination ആണ്" ഞാൻ ബോർഡിൽ sex determination എന്ന് വലുതാക്കി എഴുതി. ഈ വിഷയം എടുക്കുമ്പോൾ എപ്പോഴും മനസ്സിലൊരു ഇടിപ്പാണ്. വിഷയം sex determination ആയത് കൊണ്ടല്ല ചില ചോദ്യങ്ങളെ ഭയന്നിട്ടാണ്. സ്വതേ സ്ത്രൈണതയുള്ള അങ്കവിക്ഷേപങ്ങൾ ആണ് എന്റേത്. ക്ലാസ് എടുക്കുമ്പോഴും അങ്ങനെ ഒക്കെ തന്നെ. ഓരോ ബാച്ച് വിദ്യാർത്ഥികൾ വരുമ്പോഴും ഒരു ഭയം ആണ്. ഹൈസ്കൂൾ കാലത്തെ കളിയാക്കലുകളുടെയും ചിരികളുടെയും ഒക്കെ തിരുശേഷിപ്പുകൾ അവിടെ ഇവിടെ ആയി പൊങ്ങി വരും. സ്ത്രൈണത ഒരു പുരുഷനിൽ കണ്ടാൽ താങ്ങാൻ ആവാത്ത സമൂഹത്തിൽ ഞാൻ കയറി sex determination എടുക്കുമ്പോൾ പല ചോദ്യങ്ങളും ഉറപ്പാണ്. അതുകൊണ്ട് ചിലപ്പോൾ ഞാൻ വളരെ conscious ആവും. കൈകൾ അനക്കുന്നത് വരെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങും.
കഴിഞ്ഞ പല ബാച്ചുകളിലും അങ്ങനെ ഉള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്. പലതും വിദ്യാർഥികളുടെ കളങ്കമറ്റ ചോദ്യങ്ങൾ തന്നെയാവും. അവയ്ക്ക് ഉത്തരം പറയുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിയും. പെട്ടന്ന് ഞാൻ ഹൈസ്കൂളിലെ വരാന്തയെ ഓർമിക്കും. അവിടെ ഒറ്റയ്ക്ക് നിൽക്കുന്ന പോലെ ഇരുമ്പഴികളിലൂടെ ഉച്ചവെയിൽ ഊരി വരാന്തയിൽ അഴികളുടെ നിഴലുകൾ ഉണ്ടാക്കും. ആരെയും കാണാതെ, നോക്കാതെ ഞാൻ നേരെ ക്ലാസ് മുറി ലക്ഷ്യമാക്കി നടക്കും. ആറുമൊന്നും പറയരുതെന്ന് മനസ്സിൽ പ്രാർത്ഥിക്കും. ഒരു ചെറിയ ചിരിയെങ്കിലും ദൂരെനിന്ന് കേട്ടാൽ അത് എന്നെ ചൂണ്ടിയാണെന്ന് വിചാരിക്കും. ക്ലസ്സിലെ കുട്ടിയിൽ നിന്ന് ടീച്ചറിലേക്ക് ഒരു സെക്കൻഡിൽ ഞാൻ യാത്ര ചെയ്ത് വരും. പിന്നെ ശ്വാസം വലിച്ചു പിടിച്ചു ഞാൻ ഉത്തരം പറയും. പലപ്പോഴും വിദ്യാർഥികൾ ഇതൊന്നും അറിയാറില്ല എന്ന് മാത്രം. ഇന്നും സ്ഥിരം ചോദ്യങ്ങൾ ഒക്കെ മല്ലിട്ട് ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്.
പെട്ടന്ന് ചങ്കിടിപ്പ് കൂടികൊണ്ടിരുന്നു. ഞാൻ ഒന്ന് നിർത്തി വീണ്ടും സസ്തനികളിലെ ലിംഗനിർവചനത്തെ കുറിച്ചു വാചാലനായി.
വീണ്ടും ചങ്കിടിപ്പ് കൂടുകയാണ്.
മൂക്കിന്റെ അറ്റത്തുള്ള എവിടെയോ ഒരു നീറ്റൽ.
അതെനിക്ക് പരിചയമുള്ള ഒരു വികാരമാണ്.
കരച്ചിൽ.
കണ്ണുകൾ എന്തെന്നില്ലാത്ത നിറയാൻ പോവുന്നത് ഞാൻ അറിഞ്ഞു. വിദ്യാർത്ഥികളോട് പഴയ ചോദ്യങ്ങൾ solve ചെയ്യാൻ പറഞ്ഞു ഞാൻ മൈക്ക് വച്ചു ക്ലാസിന്റെ പുറത്തേക്ക് ഓടി. കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചു വീണ് കൊണ്ടിരിക്കുന്നു. ഓഫീസിന്റെ പിന്നിലെ ബാത്റൂമിലേക്ക് ഞാൻ ഓടിക്കയറി വാതിൽ അടച്ചു.
എന്തിനാണ് ഞാൻ കരയുന്നത്? എനിക്കറിയില്ല. നിർത്താൻ ഒരു നൂറു വട്ടം ഞാൻ എന്നോട് തന്നെ പറയുന്നുണ്ട്. മസ്തിഷ്കത്തിൽ കരയരുത് എന്നൊരു ശബ്ദം മുഴങ്ങുന്നുണ്ട് കണ്ണുകൾ അത് ചെവികൊള്ളുന്നില്ല. എന്തുകൊണ്ടാണ് നിറുത്താൻ കഴിയാത്തത്? എന്തിനാണ് കണ്ണുനീര് ഇങ്ങനെ ഒഴുകുന്നത്?ഒട്ടും വിഷമം ഇല്ലാതെ മനുഷ്യൻ എങ്ങനെയാണ് കരയുന്നത്? എനിക്കറിയില്ല. ബാത്റൂമിലെ സ്വതേയുള്ള വിങ്ങൽ അസഹ്യമായി തോന്നി. ഞാൻ ടാപ്പ് തുറന്ന് മുഖം രണ്ട് മൂന്ന് തവണ കഴുകി. മുകത്തുള്ള തണുത്ത വെള്ളത്തിന് ഇടയിലൂടെ ചൂടുറവ പോലെ ഒഴുകുന്ന കണ്ണീർ എനിക്കപ്പോഴും തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു. ഒരിക്കൽ കൂടി ഞാൻ മുഖം കഴുകി.
കഴിഞ്ഞ മാസം അലസമായി വായിച്ചു വിട്ട minority stress theory മനസ്സിലൂടെ കടന്ന് പോയി. ഇനി ഇത് stress ആണോ? പിന്നെ ഓർക്കാൻ കഴിഞ്ഞത് ഒക്കെയും അമ്മയുടെ വാക്കുകൾ മാത്രം ആണ്. അമ്മയുടെ വാക്കുകൾ എന്നെ ബാധിക്കുന്നില്ലെന്ന് പറയുമ്പോഴും അതെന്റെ ഉള്ളിൽ കിടന്ന് ഉഴുതുമറയുകയായിരുന്നൊ? അമ്മയുടെ ഓരോ വാക്കും എന്റെ മുന്നിലെ ടൈലുകളിൽ എഴുതിയിട്ടുള്ള പോലെ. ഒരിക്കൽ കൂടി മുഖം കഴുകി ഞാൻ കർച്ചീഫ് കോണ്ട് മുഖം അമർത്തി തുടച്ചു. കണ്ണുകൾ അപ്പോഴും നീറുന്ന പോലെ എനിക്ക് തോന്നി. ബാത്റൂമിന്റെ കുറ്റി തുർന്ന് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓഫീസിലെ ചേച്ചി ചോദിച്ചു "എന്തു പറ്റി അരുൺ"
"ഏയ് ചോക്കിന്റെ അലർജി ആണെന്ന് തോനുന്നു" ഞാൻ സൗകര്യപൂർവ്വം ഒരു കള്ളം പറഞ്ഞു വീണ്ടും ക്ലാസ് മുറിയിലേക്ക് കയറി. മൂക്കിന്റെ അറ്റത്തു അപ്പോഴും ഒരു നീറ്റൽ, കണ്ണിൽ വീണ്ടും ഇരമ്പം. ഞാൻ നനഞ്ഞ കർച്ചീഫ് കൊണ്ട് വീണ്ടുമൊന്ന് അമർത്തി തുടച്ചു. മൈക്ക് എടുത്തു "നിങ്ങൾ ആ ചോദ്യങ്ങൾ ചെയ്തു കഴിഞ്ഞോ? " ഒന്നും നടക്കാത്ത പോലെ ഞാൻ വീണ്ടും ക്ലാസ് മുറിലേക്ക് ഇഴുകി ചേർന്നു.
അന്ന് വൈകീട്ട് വീട്ടിലേക്കുള്ള ബസിന്റെ വിൻഡോ സീറ്റിൽ ഇരുന്ന് ഞാൻ പാട്ടു കേൾക്കുമ്പോഴും എന്തിനാണ് ഞാൻ കരഞ്ഞതെന് എനിക്കറിയുന്നുണ്ടായിരുന്നില്ല. എന്നെ തന്നെ ഒരു സൈക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് എനിക്ക് തോന്നി. ബസ്സിന്റെ കമ്പി അഴികളിൽ തല ചാരി ഞാൻ കണ്ണുകൾ അടച്ചു.
"There’s a million ways to go
Don’t be embarrassed if you lose control
On the rooftop, now you know
Your body’s frozen and you lost your soul"
ഇയർഫോണിൽ റീത്ത ഓറ തകർത്തു പാടുകയുമാണ്
(പിൻകുറിപ്പ്: കല്യാണം/ ഗേ സംബന്ധമായ കാര്യങ്ങൾ സംസാരിക്കുമ്പോൾ മാത്രമാണ് ഇത്തരം സംഭാഷണങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ പ്രാക്കും ശാപവാക്കും മാത്രം പറയുന്ന മനുഷ്യരായി അച്ഛനമ്മമാരെ ചിത്രീകരിക്കാനുള്ള അവകാശമോ സഹചര്യമോ എനിക്കില്ല. പല sexual minority-യിൽ പെട്ട വ്യക്തികളുടെ കുടുംബ സഹചര്യത്തെക്കാൾ ഏറെ മെച്ചപ്പെട്ടതാണ് എന്റേതെന്ന് ഓർമിപ്പിക്കട്ടെ.)
I have tears in my eyes while I am typing this... You have given this painful insight into a person who acvoracco to society is not 'straight'..I have never been able to empathize with a gay person, probably because I am unable to understand their emotions..but you have put all those emotions so lucidly and eloquently in this article...thanks to you, now I will be able to understand when a person says he (or she) has a different sexual preference than what's considered normal
ReplyDeleteTypo...according*
DeleteJust discovered this comment. I am so happy that i can influence your view point towards sexuality. Changing one at a time right? Sorry for late reply.
Delete