ഇന്നലെ ഞാൻ ഒരാളെ ഗ്രൈന്ഡറിൽ
പരിചയപ്പെട്ടു. ഞാൻ കാണുന്ന സിനിമകൾ ഒക്കെയും അയാൾ കണ്ടതാണെന്നു പറഞ്ഞപ്പോൾ തന്നെ എനിക്ക് അയാളെ ഇഷ്ട്ടമായതാണ്.
പുസ്തകങ്ങൾ പലതും വായിക്കാറുണ്ടെന്നും. മാധവിക്കുട്ടിയെ ഇപ്പോഴും മലയാളികൾക്ക് മനസ്സിലായിട്ടില്ലെന്നും. അതുകൊണ്ടാണ് അവരെക്കുറിച്ചു സിനിമകൾ എടുത്തതെന്നും പറഞ്ഞപ്പോൾ, ഞാൻ മൂളികേട്ടു.
അംഗീകരിച്ചു.
ജെ.കെ റൗളിങിന്റെത് ട്രാൻസ് എക്സ്ക്ലൂസീവ് ഫെമിനിസം ആണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ അത് ഗൂഗിൾ ചെയ്തു നോക്കി. എനിക്കറിയാത്തത് അയാൾക്കറിയുമല്ലോ എന്നാലോചിച്ചു. അയാളുടെ ബുദ്ധിയുടെ എല്ലാ മാനങ്ങളോടും എനിക്ക് അടങ്ങാനാവാത്ത അസൂയ തോന്നി.
മങ്ങി പോവാത്ത മൂർച്ചയുള്ള അയാളുടെ മലയാള വാക്കുകളിൽ പലതും ഞാൻ കേട്ടിട്ടില്ല. ഇംഗ്ലീഷിലെ അയാളുടെ വാക്കുകൾ അതിലും കട്ടിയുള്ളതായിരുന്നു. അയാൾ അതൊക്കെയും എന്റെ അടുത്തിരുന്നു പറയണമെന്ന് എനിക്ക് തോന്നി.
സിൽവിയ പ്ലാത്തിന്റെ വരികൾ സെക്സിന് ശേഷം വായിച്ചു കേൾപ്പിക്കാമെന്ന് പലപ്പോഴുമായി അയാൾ സത്യം ചെയ്തു. വീട്ടിലേക്കുള്ള വഴി ഞാൻ പല തവണ പറഞ്ഞു കൊടുത്തിട്ടും വരാൻ ഒക്കില്ലെന്ന മുടന്തുന്യായത്തിന്റെ ഒടുവിൽ ഞാൻ അയാളെ നേരിട്ടു വിളിച്ചു.
കാണാനുള്ള കൊതികൊണ്ടും, അതിനേക്കാൾ കൂടുതൽ ഇംഗ്ലീഷ് ലവലേശം കയറിവരാതെ സംസാരിക്കാനുള്ള അയാളുടെ കഴിവ് നേരിട്ടൊന്ന് കാണാനും കൂടി ഞാൻ അയാളെ സിറ്റിയിലേക്ക് വരുത്തിച്ചു.
ബസ് ഇറങ്ങി എന്നെയും കൂട്ടി അയാൾ എങ്ങോട്ടെന്നില്ലാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തുരുതുരാ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യന് ഇതെന്താണ് സംഭവിച്ചതെന്ന് ഞാൻ ആലോചിച്ചു.
കാറിൻ്റെ പിൻ സീറ്റിലെ സോഫിയ വാർഡിന്റെ "ലൗ ആൻഡ് അദർ തോട്ട് എക്സ്പിരിമെന്റ്" എന്ന പുസ്തകം ആണ് അയാളെകൊണ്ടു സംസാരിപ്പിച്ചത്. കാഫ്കയുടെ മെറ്റമോർഫോസിസ് പോലെതന്നെയാണ് ഈ പുസ്തകമെന്നു ആണയിട്ടു അയാൾ പറഞ്ഞുകൊണ്ടിരുന്നു.
നേരും നുണയും അതിൻ്റെ പുളഞ്ഞു കിടക്കുന്ന അതിർ വരമ്പുകളും, പുസ്തകത്തിലെ റേച്ചലിന്റെ കണ്ണുകളിലേക്കു ഇരച്ചു കയറിയ കോളനി വിട്ടിറങ്ങിയ ഉറുമ്പിനെക്കുറിച്ചും അയാൾ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ആ അനുഭവം പങ്കിടാൻ കഴിയാതെ വരുന്ന രേച്ചലിൻ്റെ ശാസ്ത്രജ്ഞയായ ഭാര്യയുടെ കുറവ് അവർ ശാസ്ത്രം പഠിച്ചതാണെന്നും അയാൾ വാദിച്ചു ജയിച്ചു. രേച്ചലിൻ്റെ മസ്തിഷ്കത്തിൽ വളരുന്ന ഉറുമ്പിന് അവളുടെ തന്നെ സ്വഭാവമാണെന്നും, അവളും ഉറുമ്പും ഒന്നുതന്നെയാണെന്നും, ജീർണത ഇഷ്ടപ്പെടുന്ന ഉറുമ്പ് രേച്ചലിൻ്റെ ഒപ്പം അവളായി തന്നെ മാറുകയാണെന്നും പറഞ്ഞു തീർത്തപ്പോൾ എനിക്കയാളുടെ മസ്തിഷ്കം പുറത്തെടുത്തു തിന്നണമെന്നാണ് തോന്നിയത്. അതിൻ്റെ അനേകായിരം സംഭവ്യത ഞാൻ കണക്കുകൂട്ടി.
കാർ നിറുത്തിയ വഴി എനിക്ക് പരിചയമില്ലെങ്കിലും അവിടെ നിറുത്തിയത്തിൻ്റെ ഉദ്ദേശ്യം എനിക്ക് നന്നായി അറിയാമായിരുന്നു. ഇങ്ങനെ എത്രയെത്രെ യാത്രകൾ ഞാൻ പോയിരിക്കുന്നു. പക്ഷേ ഇയാളും മറ്റൊരു ഗ്രൈന്റഡർ ഡേറ്റ് പോലെ തന്നെ ഒരു ഇരുട്ടിൻ്റെ മറവിലെ സുഖത്തിനായിട്ടാണ് എന്നെ വിളിച്ചതെന്ന് ഓർത്തപ്പോൾ എനിക്ക് ഓക്കാനിക്കാൻ വന്നു. ഒരു മുറിയെങ്കിലും എടുക്കാമായിരുന്നു. പറഞ്ഞിരുന്നെങ്കിൽ ഞാൻ എൻ്റെ മുറി തന്നെ ഒന്നു അടിച്ചുവാരി വൃത്തിയാക്കിയേനെ.
അരണ്ട വെളിച്ചത്തിൽ അയാൾ എന്നെ ഉമ്മവയ്ക്കാൻ വേണ്ടി അടുത്തേക്ക് ചരിഞ്ഞു കൂടെ കൈകൾ തുടയുടെ ഇടുക്കുകളിൽ ചൂടുപിടിച്ചു നിറുത്തി. ഞാൻ ഉമ്മ വച്ചു. അയാളുടെ പ്രായപൂർത്തിയായ കുറ്റി രോമങ്ങൾ ഞാൻ ആസ്വദിച്ചു. കാറിന്റെ പിൻ സീറ്റിലേക്ക് കേറിച്ചെന്ന് ഞാനും ആയാളും ചെയ്തു തീർക്കാൻ കഴിയുന്ന ഓരോന്നും ചെയ്തു തീർത്തു.
ഇത്രയധികം വായിച്ചിട്ടും രതി മാത്രമാണ് എനിക്ക് വേണ്ടതെന്ന് പറയാൻ പറ്റാത്ത അയാളുടെ നട്ടെല്ല് അവിടെ തന്നെയില്ല എന്നു ഞാൻ തപ്പി ഉറപ്പുവരുത്തിയിരുന്നു. ഹാർഡ് ബൈൻഡ് പുസ്തകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചത് പോലെ, അയാളുടെ, സാധാരണയിൽ കവിഞ്ഞു പുറത്തേക്ക് മുഴച്ചു നിൽക്കുന്ന കശേരുക്കൾ, ഓരോന്നും ഞാൻ എണ്ണി തീരുന്നതിന് മുൻപ് എല്ലാം അവസാനിച്ചിരുന്നു.
തിരിച്ചെന്നെ ബസ് സ്റ്റാൻഡിൽ ആക്കിയ ശേഷം. നിന്നെ കണ്ടതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞു പോയി. വീട്ടിലേക്കുള്ള തിരക്കുകുറഞ്ഞ ബസ്സിൻ്റെ ഏകാന്തതയുടെ ആളോഹരി എനിക്കായി വീട്ടിൽ കാത്തു നിൽക്കുന്നുണ്ടെന്ന് ഓർത്തപ്പോൾ ഞാൻ ഗ്രൈന്ഡർ തുറന്നു.
"Can host. Alone" എന്ന് പ്രൊഫൈൽ തിരുത്തിയെഴുതി ഞാൻ വരുന്ന സന്ദേശങ്ങക്കൊക്കെയും മറുപടി അയച്ചു.
എൻ്റെ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ തന്നെ ഒരാൾ എന്നെ വിളിച്ചു വീട്ടിലേക്കുള്ള വഴി ചോദിച്ചു. ഞാൻ എല്ലാം പറഞ്ഞുകൊടുത്തു. എന്താണ് ഇഷ്ട്ടമെന്ന് ചോദിച്ചപ്പോൾ. എന്തായാലും കുഴപ്പമില്ലെന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു. ഞാൻ കിടക്കുന്ന കിടക്കയുടെ മറു ഭാഗം ചൂടുപിപ്പിക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ഞാൻ പറഞ്ഞില്ല. സിൽവിയ പ്ലാത്തിന്റെ വരികളെക്കാളും അതാണ് എനിക്ക് വേണ്ടതെന്ന് ഞാൻ അയാളോട് പറഞ്ഞില്ലല്ലോ. ഇന്നൊരു രാത്രിയെങ്കിലും അത് സംഭവിക്കുമെന്ന് ആലോചിച്ചുകൊണ്ടു ഞാൻ വീട്ടിലേക്ക് നടന്നു.
Comments
Post a Comment