Life starts where your comfort zone ends - ജീവിതം തുടങ്ങുന്നത് നമ്മുടെ ആശ്വാസ വലയങ്ങൾക്ക് അപ്പുറത്താണ്. അതൊന്ന് മാത്രമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചപ്പോൾ എനിക്കൊരു വിശ്വാസമായി തോന്നിയിരുന്നത്. എന്റെ ആശ്വാസ വലയങ്ങൾ ഒക്കെയും കോഴിക്കോട്ടുള്ള സുഹൃത്തുക്കൾ ആണെന്ന് ഓർക്കണം. ഓരോരുത്തരും ഓരോ മൂലയിലേക്ക് നീങ്ങി പോവുമെന്ന് എനിക്കും അറിയായിരുന്നു. കേരളത്തിന്റെ ഇങ്ങേ അറ്റത്തേക്ക് ഞാൻ തിരിക്കുമ്പോൾ, ഞാൻ എന്നെ ആശ്വസിപ്പിച്ചു, ഇതൊരു പുതിയ തുടക്കമാകട്ടെ. ഞാൻ എടുത്തുപിടിക്കാൻ ഇഷ്ട്ടപ്പെടാത്ത എന്റെ മാനസിക അസ്വാസ്ഥ്യം ഒന്നിലധികം തവണ എന്നെ പിന്തുടർന്നപ്പോഴും, അവിടെ ഉണ്ടായുരുന്ന, വിരലിൽ എണ്ണാവുന്ന ചിലർ, കൂടെ നടന്നും, കൂട്ടിനിരുന്നും, കടപ്പുറത്ത് നടന്ന് നടന്ന് സമയം തീർത്തും, ഛായ കുടിച്ച് സൊറ പറഞ്ഞും കൂടെയുണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് ചേർത്തു നിർത്തിയവർ.
കോളേജിലെ ക്ലാസ്സ് കഴിഞ്ഞു നേരെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്ന പതിവായിരുന്നു എനിക്കുണ്ടായിരുന്നത്. അതൊക്കെ മാറ്റി മറച്ചുകൊണ്ടു ഒരു കൂട്ടം മനുഷ്യര് എന്നെ കൂടെ കൂട്ടി നിറുത്തി. പിന്നീട് കോളേജ് കഴിഞ്ഞു നേരെ എസ്.എം സ്ട്രീറ്റിൽ ലൈബ്രറിക്ക് മുന്നിൽ, അല്ലെങ്കിൽ ബീച്ചിൽ, അതുമല്ലെങ്കിൽ ആർട്ട് ഗാലറി. പല സായാഹ്നങ്ങളും ആർട്ട് ഗ്യാലറിയിൽ നിന്ന് ബീച്ചിലെ പുലിമൂട്ടിൽ എത്തിക്കുന്നതായിരുന്നു. എന്റെ ജീവിതത്തിൽ ഇത്ര അധികം ബീച്ചിൽ പോയത് കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിലാണെന്ന് എനിക്ക് ഉറപ്പാണ്. എല്ലാം ഇട്ടേച്ചു തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന്റെ പ്രായോഗികത ഞാൻ തിരിച്ചും മറിച്ചും ആലോചിച്ചു. (ഇപ്പോഴും ആലോചിക്കുന്നുമുണ്ട്). റീസേർച്ച് ചെയ്യാൻ നല്ല സ്ഥാപനമല്ലേ? ഏത് കാലവും കോഴിക്കോട് തന്നെ നിൽക്കാൻ പറ്റുമോ? എന്നൊക്കെ ചോദ്യങ്ങൾ ഞാൻ തന്നെ ചോദിച്ചു വിഷമിച്ചിരിക്കുകയാണ്. ഇന്നീ മഴ പെയ്ത് തീരുമ്പോഴേക്കും ഒരു പക്ഷെ ഞാൻ തിരിച്ചു പോവാൻ വരെ തീരുമാനിച്ചെന്നു വരും. കരിയർ മാത്രം നോക്കി ജീവിക്കുന്ന ഒരു കരിയറിസ്റ്റ് മനുഷ്യനായിരുന്നെങ്കിൽ ഒരു പക്ഷെ ഇതൊരു സമസ്യ ആയി തോന്നില്ല. 1939ലെ ഗ്രെയ്റ്റ് ഡിപ്രെഷന് ശേഷം അമേരിക്കൻ സമ്പത് വ്യവസ്ഥ കരകയറി വരുന്ന സമയത്തു മറ്റോ ആണ് career, goals എന്ന പദങ്ങൾ കൂട്ടി ഉപയോഗിച്ച് തുടങ്ങിയത് എന്ന് തോനുന്നു. (Yes, i did research about it)
അതെല്ലാം പോട്ടെ!
പെട്ടിയും പെട്ടകവും എടുത്ത് ഒരു ചെറിയ വാടക വീട് ശരിയാക്കി ഞാൻ തിരുവന്തപുരത്തു തന്നെ താമസമാക്കി. രണ്ടു മുറിയും, ഒരു ചെറിയ വരാന്തയും ഒരു ഹാളും, ഒരു ചെറിയ അടുക്കളയും ചേർത്തു ചേർത്തു വച്ച ഒരു വീട്. വീടെനിക്ക് കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഞാനും എന്റെ പാർട്ണറും കൂടി വീട് കാണാൻ വന്നത് ഒരു വൈകുന്നേരം ആയിരുന്നു. അന്നു തന്നെ ആ വീട് മതിയെന്ന് ഉറപ്പിച്ചിരുന്നു ഞങ്ങൾ. വീട്ടിൽ ആദ്യ ദിവസം തന്നെ അടുക്കള സെറ്റ് അപ്പ് ആക്കണം എന്നായിരുന്നു എനിക്ക്. വീട്ടിൽ ആദ്യം വേണ്ടത് അടുക്കളയും കക്കൂസും ആണെന്നാണ് എന്റെ ഒരു വിശ്വാസം. അടുക്കള സാധനങ്ങൾ ഒക്കെയും വാങ്ങി. മുളകും, മഞ്ഞളും, കുരുമുളകും, ചയപ്പൊടിയും വീട്ടിൽ നിന്ന് തന്നെ പാർസൽ ചെയ്തിരുന്നു. ഒരു ഇൻഡക്ഷൻ ടോപ്പ് പോത്തീസിൽ നിന്ന് വാങ്ങി, അല്ലറ ചിലറ പാത്രങ്ങൾ പാളയത്തു നിന്നും. തൽക്കാലം വേണ്ട സമഗ്രഹികൾ ഒക്കെയും ആയപ്പോൾ അടുക്കള ഏറെ കുറേ ഒന്ന് മോടി വച്ചപോലെ എനിക്ക് തോന്നി. ആദ്യത്തെ പോലെ ഒഴിഞ്ഞു കിടക്കുന്ന ഒരു അടുക്കളയല്ല, കറിപ്പൊടികൾ ഹാപ്പി ജാമിന്റെ ചെറിയ ചില്ലുപാത്രത്തിൽ നിറച്ച് അടുക്കളയുടെ മതിലിനോട് ചേർത്ത് വരി വരിയായി വച്ച, ഒന്ന് രണ്ടു പത്രങ്ങൾ ഒക്കെയുള്ള ഒരു ചെറിയ അടുക്കള. ഞാൻ ഉണ്ടാക്കിയെടുത്തത് അല്ലെങ്കിലും അടുക്കളയിലെ നിലവിലെ സ്ഥിതി എനിക്ക് എന്തോ ആശ്വാസം ഉണ്ടാക്കുന്നത് ആയിരുന്നു. ബിരുദവും, ബിരുദാനന്തര ബിരുദവും ഹോസ്റ്റലിൽ നിന്നാണ് ചെയ്തത്. ആദ്യമായിട്ടാണ് ഒരു വീട് ഞാൻ ഒറ്റയ്ക്ക് വാടകയ്ക്ക് എടുക്കുന്നത്. അതാലോചിച്ചു ഞാൻ എന്നെ കുറിച്ചു തന്നെ അഭിമാനിച്ചു (സ്റ്റൈപ്പെന്റ് കിട്ടിയാൽ തിരിച്ചടയ്ക്കാം എന്ന ഉറപ്പിൽ അച്ഛൻ തന്നെയാണ് വാടക കൊടുക്കുന്നതെങ്കിലും). തിരുവനന്തപുരത്തു താമസിക്കാൻ വരുന്നതിന്റെ ഒരാഴ്ച്ച മുന്നേ തന്നെ ഞാൻ ഇവിടെ വന്നു പോയിരുന്നു. ഒഴിവു ദിവസങ്ങളിൽ ഒരു ജോലി ഇല്ലെങ്കിൽ മാസം കടക്കാൻ കഴിയില്ലെന്ന അറിവുള്ളതുകൊണ്ടു നേരത്തെ തന്നെ ജോലി അന്വേഷിച്ചു തുടങ്ങിയിരുന്നു. ഓൺലൈനും, ഫോണിൽ വിളിച്ചും ഒരു കാര്യവും ഇല്ലന്ന് മനസ്സിലാക്കി, ഒടുവിൽ എന്റെ CV യുടെ ഒരു പത്തു പതിനഞ്ചു ഫോട്ടോസ്റ്റാറ്റ് എടുത്തു കോവിൽ സ്ട്രീറ്റിലെ എല്ലാ psc/net കോച്ചിങ് സെന്ററുകളിലും നേരിട്ട് കയറി ഇറങ്ങി കൊടുത്തു. അടുത്ത ദിവസം തന്നെ ഒരു psc കോച്ചിങ് സെന്ററിലെ മാഷ് എന്നെ വിളിക്കുകയും ചെയ്തു! ഫുഡ് സേഫ്റ്റി ഓഫീസർക്ക് പഠിക്കുന്ന കുട്ടികൾ ഫുഡ് മൈക്രോബയോളജി എടുക്കാൻ.
എല്ലാം നല്ലതിന് എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് കൊറോണ ലോക്ക്ഡൗൻ വരുന്നത്. ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തത് കൊണ്ടും, സ്വന്തം വീട്ടിൽ പോയാൽ നല്ല അസ്സൽ ഭ്രാന്ത് വരുമെന്ന് അറിയാവുന്നതുകൊണ്ടും ഞാൻ തിരുവനന്തപുരത്തു തന്നെ നിൽക്കാമെന്ന് കരുതി. ലോക്ക്ഡൗൻ ആയത് കൊണ്ട് പാർട്ണറെ ഞാൻ അവന്റെ പി.ജി യിൽ നിന്നും വിളിച്ചുവരുത്തി കൂടെ താമസിച്ചു. ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പിന്നീട് അങ്ങോട്ട് വല്ലാത്ത ദിവസങ്ങളായിരുന്നു. ഡിപ്രെഷന്റെ മെഡിക്കേഷൻ തീർന്നതോട് കൂടി എന്റെ അവസ്ഥ വല്ലാതെ വഷളാവാൻ തുടങ്ങിയിരുന്നു. എന്ത് പറഞ്ഞാലും ചെയ്താലും ഞാൻ ദേഷ്യപ്പെടാൻ തുടങ്ങിയിരുന്നു. ആദ്യമൊന്നും ഞാൻ അതു കാര്യമാക്കിയില്ല. പതിയെ പതിയെ ഉറക്കത്തിന്റെ ലക്ഷണം പോലും ഇല്ലാത്ത രാത്രികൾ ഉണ്ടാവാൻ തുടങ്ങി.
'മാഡം സെക്രെട്ടറി' എന്ന അമേരിക്കൻ സീരീസിന് അഞ്ചു സീസണുകൾ ഉണ്ട്. ഓരോ സീസണിലും ശരാശരി 20 എപ്പിസോഡുകൾ ഉണ്ടാവും. ഓരോ എപ്പിസോഡും ഏകദേശം ഒരു മണിക്കൂർ എങ്കിലും ഉണ്ടാവും. ഉറക്കമില്ലാത്ത രാത്രികളിൽ 'മാഡം സെക്രട്ടറിയുടെ' എപ്പിസോഡുകൾ കണ്ടു തീർക്കൽ മാത്രമായിരുന്നു ജോലി. (കയ്യിലുള്ള) അവസാനത്തെയും, അഞ്ചാമത്തെയും സീസണിലെ ഇരുപതാമത്തെ എപ്പിസോഡും കണ്ടു തീർത്ത രാത്രി ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. രാവിലെ ആറു മണിവരെ ഞാൻ സീരീസ് കണ്ടിരുന്നു. തീർന്നപ്പോൾ വല്ലാത്തൊരു ഇല്ലായ്മ. ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടു ഞാൻ രണ്ടകങ്ങളും, അടുക്കളയും, തളവും, വരാന്തയും അടിച്ചുവാരി തുടച്ചു. പിന്നെ അടുക്കളയിലെ സ്ലാബ് വീണ്ടും വീണ്ടും തുടച്ചു. പിന്നെയും സമയം കളയാൻ ഞാൻ ഉമ്മറത്തെ ഗ്രില്ലിന്റെ ഓരോ അഴികളും തുടച്ചു വൃത്തിയാക്കി. ഒറ്റയ്ക്ക് ഒരാൾ മാത്രം ഉറക്കമിളച്ച് കുത്തിയിരിക്കുന്നത് അത്ര നല്ല കാര്യമല്ല. 24 മണിക്കുറിന്റെ ദൈർഗ്യം അറിയണമെങ്കിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് ഉറക്കം കളയണം. പിറ്റേന്ന് രാത്രി ഞാൻ പുതിയൊരു സീരീസ് കാണാൻ ആരംഭിച്ചിരുന്നു അന്നും ഉറങ്ങാൻ പറ്റില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഒരിക്കൽ പോലും ഞാൻ തീർന്നു പോയ ഗുളികയെ കുറിച്ചു ഓർത്തതേയില്ല. ഇതൊക്കെ സാധാരണമാണെന്ന മട്ടിൽ വീണ്ടും മൊബൈലിൽ മിഴിയുറപ്പിച്ചു ഞാൻ ചുറ്റുവട്ടത്തെ കഴിവുന്നതും തള്ളിമാറ്റിക്കൊണ്ടിരുന്നു. തീർച്ചയായും അതെന്റെ പാർട്ണറിനെ കൂടി ബാധിച്ചു തുടങ്ങിയിരുന്നു.
ഗുഡ് ഡോക്ടർ ആയിരുന്നു രണ്ടാമതായി കാണാനിരുന്ന സീരീസ്. ഓരോ എപ്പിസോഡും ഒരു മണിക്കൂറെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് ഇത്തവണ ഞാൻ കാണാൻ തുടങ്ങുന്നത്. ഗുഡ് ഡോക്ടറിൽ ഫ്രെഡി ഹൈമോർ അവതരിപ്പിക്കുന്ന Dr. ഷോൺ മർഫി ഓട്ടിസമുള്ള ഒരു കഥാപാത്രമാണ്. വേർബൽ & ഇമോഷണൽ കമ്മ്യൂണിക്കേഷനിലും, സോഷ്യൽ ക്യൂസ് മനസ്സിലാക്കുന്നതിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ആയ ഡോക്ടറാണ് ഷോൺ മർഫി. പല എപ്പിസോഡും മെഡിക്കൽ വിദ്യാഭ്യാസം നേടിയവർക്ക് ബ്ലൻഡർ ആണെന്ന് തോന്നുന്ന വിധത്തിലുള്ളതാണ്. അതിലൊരു എപ്പിസോഡിൽ Dr. ഷോണിന് ഒരു ഓട്ടിസ്റ്റിക് patient-നെ കിട്ടുന്നു. ഓട്ടിസ്റ്റിക് ആയ Dr. ഷോൺ തങ്ങളുടെ മകനെ ചികില്സിക്കരുതെന്ന് അച്ഛനമ്മമാർ ഹോസ്പിറ്റൽ അധികാരികളോട് പറയുന്നു. എന്നാൽ ഒരു രംഗത്തിൽ ഓട്ടിസ്റ്റിക്ക് ആയ ആ patient Dr. ഷോൺ മർഫിയുടെ മുഖത്തു നോക്കി നിങ്ങൾ തന്നെ എന്നെ ചികിത്സിക്കണമെന്ന് പറയുന്ന രംഗമുണ്ട്. വികാരനിർഭരമായ ആ രംഗം ഞാൻ കാണുന്നത് അടുക്കളയിലെ സ്ലാബിൾ ഇരുന്നുകൊണ്ടായിരുന്നു. അടക്കാനാവാത്ത സങ്കടമാണ് എനിക്ക് അനുഭപ്പെട്ടത്. അടക്കാൻ ആവാത്ത സങ്കടം എന്ന് പറയുമ്പോൾ മനസ്സിലാവുമോ എന്നറിയില്ല. സുപരിചിതമായ ഈ വാക്കിന്റെ സംക്ഷിപ്ത രൂപം പറഞ്ഞു തരാൻ കൂടി കഴിയുകയില്ല. ഞാൻ ഈ രംഗം കണ്ടു കരഞ്ഞു കൊണ്ടിരുന്നു. രംഗം തീർന്നപ്പോൾ ഞാൻ മൊബൈൽ ഓഫ് ചെയ്തു. കരച്ചിൽ ഇപ്പോഴും തുടരുകയാണ്. നിറുത്താനുള്ള ശ്രമങ്ങൾ ഒക്കെ വിഫലമാക്കി കൊണ്ടു ഞാൻ കരഞ്ഞു കൊണ്ടിരുന്നു. കുറെ ഏറെ കരഞ്ഞുകൊണ്ടിരുന്നാൽ തൊണ്ടവരുളുന്നതായും ദാഹിക്കുന്നതായും തോന്നും, കണ്ണുകൾ പുകയുകയും, മൂക്കൊലിപ്പ് ശക്തമാവുകയും ചെയ്യും. വായിൽ നിന്നുവരുന്ന വാക്കുകൾ ഒക്കെയും മുറിഞ്ഞ ആഗ്രങ്ങളുള്ളതും വ്യക്തമല്ലാത്തതുമാവും. ആരെങ്കിലും അടുത്തേക്ക് വന്നായിരുന്നെങ്കിൽ എന്ന് തോന്നും. ഞാൻ ആ അവസ്ഥയിൽ നിന്നൊന്നു മാറാൻ ഒരു സുഹൃത്തിനെ വിളിച്ചു. അയാൾ ഹലോ പറഞ്ഞപ്പോഴേക്കും എനിക്ക് താങ്ങാൻ ആവാത്ത പോലെ ആയി. സംസാരിക്കാൻ കഴിയാതെ കരഞ്ഞു കൊണ്ട് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നെയും കൊറേയേറെ കരഞ്ഞു. അടുക്കളയിൽ നിന്ന് എനിക്ക് പുറത്തുവരാൻ പോലും സാധിക്കുന്നില്ലായിരുന്നു. ഞാൻ അടുക്കള സ്ലാബിൽ നിന്നിറങ്ങി നിലത്തേക്ക് ഇരുന്നു. കൈകൾ കൊണ്ടി മുഖം ശക്തമായി അമർത്തി പിടിച്ചു, ശ്വാസം എടുക്കുന്നത് നിർത്തിപിടിച്ചു നിന്നു. വീണ്ടും പഴയപടി ഞാൻ കരയാൻ ആരംഭിച്ചു. അടുക്കളയിൽ നിന്ന് എഴുന്നേറ്റ് ഞാൻ കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ മുട്ടിന് ശക്തിയില്ലെന്ന് തോന്നി. ഒന്നമർത്തിച്ചവുട്ടിയാൽ മടങ്ങി പോവുമെന്ന് തോന്നിയതുകൊണ്ടു ഞാൻ മെല്ലെ നടന്നാണ് കിടക്കവരെ എത്തിയത്. ഞാൻ നടന്നതിൽ ഏറ്റവും ദൂരം കിടപ്പുമുറിയിലേക്കുള്ളതാണെന്ന് എനിക്ക് തോന്നി. കിടക്കയിൽ ഏതാനം മിനുട്ടുകൾ കിടന്നപ്പോഴേക്കും ഞാൻ ഉറങ്ങിപ്പോയി.
കണ്ണുനീര് ഒലുപ്പിച്ചു നടന്നാൽ കവിളിലൊക്കെയും ഒരു ഒട്ടലാണ്. ഒരു ജലദോഷം വന്നു മാറിയ പോലെയാണ് മൂക്കൊക്കെ ഒന്നു തുറന്നു വരും, ശ്വാസം എടുക്കുമ്പോൾ മൂക്കിലൂടെ കുളിര് കേറും. ഞാൻ എഴുന്നേറ്റിരുന്നു. ലൈറ്റുകൾ അപാരമായ പ്രകാശം. ഹാളിന്റെ ട്യൂബ് വെളിച്ചം വാതിൽ പഴുതിലൂടെ വരുന്നത് എനിക്ക് ഒന്ന് നോക്കാൻ മാത്രമാണ് കഴിഞ്ഞത്. ഞാൻ കണ്ണുകൾ അടച്ചുപിടിച്ചു വീണ്ടും കിടന്നു. അന്ന് പിന്നെ ഉറക്കമേ വന്നില്ല. ഞാൻ രാത്രി എഴുന്നേറ്റ് മറ്റൊരു സീരീസ് കാണാൻ തുടങ്ങി. ആ രാത്രിയിൽ ഏറെ വൈകി ഞാൻ അറിയാതെ ഉറങ്ങിപോവുകയും ചെയ്തു.
പിറ്റേന്ന് രാവിലെ മുതൽ നല്ലൊരു വേദന. കൈപ്പലയ്ക്ക് മുകളിൽ നിന്നും തുടങ്ങും പിന്നെ കഴുത്തിലൂടെ തലയോട്ടിക്ക് ഉള്ളിലേക്ക് സഞ്ചരിക്കും. 'കിടന്ന ഭാഗം മാറിയതാവും, തച്ചൊഴച്ചു കിടന്നിട്ടാവും' അമ്മയുടെ ശബ്ദത്തിൽ ഞാൻ എന്നോട് തന്നെ ഒരു വട്ടം പറഞ്ഞു നോക്കി. വേദന രണ്ടു ദിവസത്തോളം നിന്നും. പിന്നെ പതിയെ അത് മറ്റൊരു ഭാഗത്തേക്ക് ആയി മാറി. എന്റെ അഭിപ്രായത്തിൽ 'വേദന' ചെറിയ വാക്കാണ്, വേദനയുടെ ഗാമ്പീര്യം ഒന്നും താങ്ങാൻ കഴിവില്ലാത്ത, കഴിവുകേട്ട ഒരു വാക്കാണ് വേദന. വേദന എന്ന് പറയുമ്പോൾ തന്നെ അതൊരു ചെറിയ സാധനം ആയിട്ടാണ് തോന്നുന്നത്. വേദനകൊണ്ട് തിരിയാനോ മറയാനോ കഴിയാതെ ഞാൻ കിടപ്പറയിൽ തന്നെ കഴിഞ്ഞു.
കിടക്ക വാങ്ങിക്കാഞ്ഞത് കൊണ്ടു വരിഞ്ഞ ഒരു മടക്കു കട്ടിലിൽ ആണ് കിടത്തം. കിടക്കയില്ലെന്ന പരാതി കേട്ടിട്ടാണെന്നു തോനുന്നു കഴിഞ്ഞ തവണ വീട്ടിൽ പോയപ്പോൾ അമ്മ വീട്ടിലുള്ള പഴയ ഒരു വിരിയും, അച്ഛന്റെ പഴയ മുണ്ടും, പിന്നെ പഴയ ഒരു സാരിയും ഒക്കെ കൂട്ടി ചേർത്തു ഒരു കട്ടിയുള്ള വിരിപ്പ് ഉണ്ടാക്കി തന്നിരുന്നു. ആ കട്ടി വിരിപ്പ് മടക്കു കട്ടിലിൽ വിരിച്ചായി പിന്നെയുള്ള കിടത്തം. വലിയ വെത്യാസം ഇല്ലെങ്കിലും വരിഞ്ഞ പ്ളാസ്റ്റിക് ശീലകളുടെ കൂർത്ത അഗ്രം ഇപ്പോൾ കുത്തി വേദനിപ്പിക്കുന്നില്ല. കട്ടിൽ ഞാൻ കിടപ്പുമുറിയിലെ ജനവാതിലിന് അടുപ്പിച്ചാണ് ഇട്ടിരിക്കുന്നത്. ചില രാത്രികളിൽ എനിക്ക് ഉറക്കം വരാതാവുമ്പോൾ ഞാൻ കാൽക്കലേക്ക് തലവച്ചു തിരിഞ്ഞു കിടക്കും. അങ്ങനെ കിടന്നാൽ ആകാശം മുഴുവനും കാണാം. പലപ്പോഴും ഈ വിക്രസ്സുകൾ ഒക്കെ ചെയ്യുമ്പോൾ ഇതേ കിടക്കയിൽ പാർട്ണർ കൂടി ഉണ്ടാവും. നല്ല ഉറക്കത്തിൽ ആയതുകൊണ്ട് എന്തൊക്കെയോ മുറുമുറുത്തു കൊണ്ടു അവൻ തിരിഞ്ഞു കിടക്കും.
ഇത്രയും കൂടി ആയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. മരുന്നു കഴിച്ചിട്ടില്ല! 'നീ ഇന്നെന്താ മരുന്നു കഴിക്കാൻ മറന്നുപോയോ?' കളിയിൽ എത്രത്തവണയാണ് ഞാൻ തന്നെ പലരോടും ചോദിച്ചിട്ടുള്ളത്. ഇപ്പോൾ ആ ചോദ്യം കുറച്ചു കാര്യമായ ശബ്ദത്തിൽ ഞാൻ തന്നെ എന്നോട് ചോദിക്കുന്നു. എനിക്ക് ചിരിവന്നു. കട്ടിലിൽ കിടന്നുകൊണ്ട് രാത്രിയെ നോക്കിയിരുന്നു ഞാൻ ചിരിച്ചു. സമയമില്ലെന്നു പറയുന്നവനെ ഒരു ദിവസം ഇങ്ങനെ ഉറക്കാതെ കട്ടിലിൽ കെട്ടിയിടണം. നെറ്റിൽ വെള്ളത്തുള്ളികൾനിരന്തരമായി വീഴ്ത്തി ഭ്രാന്തു പിടിപ്പിക്കുന്ന ചോദ്യ മുറകളെ കുറിച്ചു ഞാൻ പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. അതുപോലെ ഒരു ദിവസം ഒന്നു കിടന്നാൽ 24 മാണിക്കൂറിലെ എണ്പത്തി ആറായിരത്തി നാന്നൂറ് സെക്കന്റുകൾ ഓരോ മണിക്കൂറാണെന്നു തോന്നിപ്പോകും. തലയിലെ ചിന്തകൾ കത്തിപ്പടരുന്നതും, ഒന്നും ചെയ്യാനാവാത്ത നിഷ്കളങ്കനായ ഒരു കാട്ടുമൃഗത്തെ പോലെ ചിന്തകളെ നോക്കി കാണുന്നതും, അവിടേക്ക് കത്തിക്കയറല്ലേ എന്നാർത്തു വിളിക്കുമ്പോഴും അങ്ങോട്ടു തന്നെ ചിന്തിച്ചു കൂട്ടുന്ന മസ്തിഷ്ക്കമാണ് നമുക്കുള്ളതെന്ന് ഒറ്റ രാത്രികൊണ്ട് നമ്മൾ അറിയും. എങ്ങനെയോ ആ രാത്രിയും ഞാൻ കഴിച്ചുകൂട്ടി. പിറ്റേന്ന് തന്നെ ഞാൻ മെന്റൽ ഹെല്പ് ലൈനിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. വിളിച്ച നമ്പർ കോഴിക്കോട് ജില്ലയുടെ മെന്റൽ ഹെല്പ് ലൈൻ ആണെന്നും, ഞാൻ തിരുവനന്തപുരത്തു ആയതുകൊണ്ട് അവിടുത്തെ ഒരു നമ്പർ അവർ പറഞ്ഞും തന്നു. തീരുവന്തപുരത്തെ കണ്ട്രോൾ റൂമിൽ വിളിച്ചപ്പോൾ ഒരു വനിതയാണ് ഫോണിൽ സംസാരിച്ചത്. ഞാൻ എന്റെ കാര്യങ്ങൾ ഒക്കെയും പറഞ്ഞു. മരുന്നുകളുടെ കുറിപ്പുകൾ കൈവശം ഇല്ലെന്നും അതില്ലാതെ മരുന്നുകൾ തരാറില്ലെന്നും പറഞ്ഞു. അവർ റിസീവർ താഴെ വച്ചു ചുറ്റുമുള്ള ആളുകളുമായി ഒന്നു കൂടിയാലോചിച്ചു. 'ഒരു ഡിപ്രെഷൻ കേസ് ആണ്. മരുന്നു വാങ്ങാൻ പറ്റുന്നില്ല എന്ന്. ഇനി മരുന്നു വാങ്ങി വല്ല ആത്മഹത്യയോ മറ്റോ ചെയ്താൽ കോഴപ്പം അല്ലെ?' ആ സ്ത്രീയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. മറ്റുള്ളവരുടെ ശബ്ദം പശ്ചാത്തലത്തിൽ ലയിച്ചു പോയിരുന്നു. അവർ റിസീവറിലേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ പറഞ്ഞു ' ഞാൻ കൊറേ മാസങ്ങളായി ഈ മരുന്നു തുടരുന്നു. ആത്മഹത്യ ഒന്നും ചെയ്യാൻ തൽക്കാലം പ്ലാൻ ഒന്നുമില്ല'
അവർ തുടർന്നു, ' നിങ്ങൾ അതു പറഞ്ഞാലും ഞങ്ങൾ കരുതണ്ടേ? മെഡിക്കൽ ഷോപ്പിൽ പോയിരുന്നുവോ?
'ഉവ്വ്'
'അവരെന്ത് പറഞ്ഞു?'
'പ്രെസ്ക്രിപ്ഷൻ ഇല്ലാതെ പറ്റില്ല എന്നു പറഞ്ഞു'
'നിങ്ങൾ എത്ര നാളത്തെക്കുള്ള മരുന്നാണ് ചോദിച്ചത്?'
'ഒരു മാസത്തേക്ക്'
'ഒരു മൂന്നു ദിവസത്തേക്ക് ചോദിച്ചു നോക്കു. തരാതിരിക്കില്ല'
അവിടെ സംസാരിച്ചിട്ടു കാര്യമില്ലെന്ന് വ്യക്തമായപ്പോൾ ഞാൻ ഉപചാരം പറഞ്ഞു ഫോണ് കട്ട് ചയ്തു. അടുത്തത് ഞാൻ എന്റെ സുഹൃത്തു സുഹ്റയെയും, പ്രജിത്ത് ഏട്ടനെയും ആണ് വിളിച്ചത്. അവരോട് രണ്ടു പേരോടും അറിയാവുന്ന വല്ല സൈക്യാട്രിസ്റ്റിന്റെ നമ്പർ ചോദിച്ചു. ഒടുവിൽ ഒരു നമ്പർ കിട്ടി. ഊളമ്പാറയുള്ള ഒരു ഡോക്ടറിന്റെ. ഡോക്ടറെ ഞാൻ വാട്സാപ്പിൽ സംസാരിക്കുകയും ഒരു ഓണ്ലൈൻ കുറിപ്പടി തരുകയും ചെയ്തു.
മരുന്നുകൾ ഉള്ളിൽ ചെന്ന് ഒരാഴ്ചക്കകം മാറ്റങ്ങൾ കണ്ടുതുടങ്ങുമെന്നാണ് വെപ്പ്. എന്നാലും ആ കുറിപ്പടി കിട്ടിയപ്പോൾ തന്നെ എനിക്കൊരു സമാധാനമായി. അന്നു ഉച്ചയ്ക്ക് തന്നെ മരുന്നുകൾ വാങ്ങി തിരിച്ചു നടക്കുമ്പോൾ ഞാൻ മഴ പെയ്തു കുതിർന്ന റോഡിൽ മിന്നിത്തിളങ്ങുന്ന സൂര്യനെ നോക്കി കൊണ്ട് നടന്നു. പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടു തോന്നിയെങ്കിലും കയ്യിലെ മരുന്നു നൽകുന്ന ആത്മാവിശ്വത്തിൽ ഞാൻ നടന്നു. അടുക്കളയിലെ കറിപ്പൊടി നിറച്ച ഹാപ്പി ജാമിന്റെ ചെറിയ കുപ്പികൾ മതിലിനോട് ഒരിക്കൽ കൂടി ഞാൻ ചേർത്തു വച്ചു. സ്പൂണുകൾ ഓരോന്നും വലിപ്പക്രമത്തിൽ ഞാൻ പാത്രത്തിന്റെ സ്റ്റാൻഡിൽ തൂക്കിയിട്ടു. അടുക്കളയിലെ സ്ളാബ് ഒന്നുകൂടി വൃത്തിയാക്കി, നിലം അടിച്ചുവാരി. അടുക്കളയിൽ നിന്നു ഇറങ്ങുമ്പോൾ ലൈറ്റ് അണയ്ക്കാൻ ആയി ഞാൻ തിരിഞ്ഞു ദിവസങ്ങൾക്ക് മുന്നേ കരഞ്ഞ സ്ഥലത്തെ ഞാൻ ഗൃഹാതുരത്വത്തോടെ ഒന്നു നോക്കി. ലൈറ് ഓഫ് ചെതു.
അടുക്കളയിൽ ഇരുട്ടിൽ കുപ്പി പത്രങ്ങൾ ഓരോന്നും തമ്മിൽ തൊട്ടുരുമ്മിയിരുന്നു.
(കുറിപ്പ്: കൊറോണ ലോക്ക്ഡൗൻ കാലത്ത് അനുഭപ്പെട്ട മാനസിക സ്നഘർഷങ്ങൾ ആണ് നേരത്തെ എഴുതിയിരിക്കുന്നത്.പോസ്റ്റ് കണ്ടിട്ട് ഒരുപാട് മനുഷ്യർ വിളിക്കുകയും, മെസ്സേജ് അയക്കുകയും ചെയ്തു. വളരെ നന്ദി.പലരും തങ്ങൾക്കും ഇതേ അനുഭങ്ങൾ ഉണ്ടെന്ന് പറഞ്ഞു സംസാരിക്കാനും വന്നു. മാനസിക അസ്വാസ്ഥ്യം യോഗ, മെഡിറ്റേഷൻ എന്നിവ മാത്രം ചെയ്തത് കൊണ്ടോ, സ്വന്തമായി ഒരു ജീവിതം ഉള്ളത് കൊണ്ടോ, ഇഷ്ടപ്പെട്ട മനുഷ്യനെ വിവാഹം കഴിച്ചത് കൊണ്ടോ മാറുകയില്ല. നല്ല കാലം വരുമ്പോൾ മാനസിക അസ്വാസ്ഥ്യം മറുകയില്ല. മസ്തിഷ്കത്തിലെ ന്യൂറോ ട്രാൻസ്മിറ്ററുകളിൽ വരുന്ന വ്യതിയാനങ്ങൾ ആണെന്നാണ് ഇപ്പോൾ ഉള്ള നിഗമനം. ആ വ്യത്യാസങ്ങൾ ജനിതകമായോ അല്ലാതെയോ, മറ്റു ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ, മറ്റു മാനസിക അസ്വാസ്ഥ്യം ഉണ്ടെക്കിൽ ഒക്കെയും വരുണ്ടതാണ്. കൊറോണ വന്നാൽ യോഗ ചെയ്തിട്ട് കാര്യമില്ലല്ലോ!! അതു പോലെ തന്നെയാണ് ഡിപ്രെഷനും. ഡിപ്രെഷൻ എന്നത് വളരെ അധികം തെറ്റുധാരണ ഉണ്ടാക്കുന്ന വാക്കാണ്. നിങ്ങക് വളരെ ചെറിയ ഒരു നേരത്തേക്ക് അനുഭവിക്കുന്ന ദുഃഖം ഡിപ്രെഷൻ ആവണമെന്നില്ല. പക്ഷെ ഡിപ്രെഷൻ അനുബന്ധിച്ചു ശരീക അസ്വാസ്ഥ്യം, ഉറക്കക്കുറവ്, ലിബിഡോയിൽ ഉണ്ടാകുന്ന വ്യതിയാനം, ബിഹേവിയോറൽ ആയ മാറ്റങ്ങൾ, കോഗ്നിറ്റീവ് പ്രശനങ്ങൾ എന്നിവ ഒക്കെ ഉണ്ടാവും. അവ ഉണ്ടെങ്കിൽ അടുത്തുള്ള മാനസിക ആരോഗ്യ കേന്ദ്രത്തിലോ അല്ലെങ്കിൽ മാനസിക ആരോഗ്യ വിധക്തനെ നേരിട്ടോ കാണുക. നിങ്ങളുടെ വീട്ടുകാർക്ക് മാനസിക ആരോഗ്യത്തിൽ വിശ്വാസമോ, അതിന് എടുക്കുന്ന മരുന്നിന് അഡിക്റ്റ് ആവുമെന്നോ ഒക്കെ ധാരണ ഉണ്ടാവും. അവയൊക്കെ തെറ്റാണ്. ഡോക്ടറുടെ നിർദ്ദേശങ്ങൾ അക്ഷരം പ്രതി അനുസരിച്ചാൽ ഏതൊരു രോഗത്തെ പോലെയും ഇല്ലാതാക്കാൻ പറ്റാവുന്ന ഒരു രോഗമാണ് മാനസിക രോഗം. പലപ്പോഴും നമ്മൾ അറിയാതെ ഒരുപാട് പേർ ഈ അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ടാവണം. പ്രത്യേകിച്ചു സ്ത്രീകൾ. സ്ത്രീകളുടെ മാനസിക ആരോഗ്യം പലരും ചർച്ച ചെയ്യാറില്ല.)
Comments
Post a Comment