ക്യുഎർ അസ്തിത്വം മുറുകെ പിടിക്കുന്നത് കൊണ്ട് തന്നെയാണ് നിരീശ്വരവാദി ആയതെന്ന് എനിക്കിപ്പോൾ തോന്നാറുണ്ട്. LGBTQI+ ആയിട്ടുള്ള ദൈവങ്ങൾ ഉണ്ടോ എന്നൊക്കെ ചിക്കിപ്പെറുക്കി എടുത്തോണ്ട് വന്ന് സ്വന്തം അസ്തിത്വം വിശ്വാസത്തിന് നിരക്കുന്നതാണെന്ന്
വരുത്തിയെടുക്കാൻ കൊറേ കാലം പാടുപെട്ട ഒരു 'എക്‌സ്' വിശ്വസിയായിരുന്നു ഞാൻ. ശ്രീകൃഷ്ണനെ പ്രണയിക്കുകയും ആ മിത്തുകളിൽ എന്നെ തന്നെ പ്രതിഷ്ഠിച്ചു, കൃഷ്ണനുമായുള്ള പ്രണയ രംഗങ്ങൾ നിരന്തരം സ്വപ്നം കാണുകയും, ആ സ്വപ്നങ്ങളുടെ അർത്ഥങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്ത പാവം 'ബാലാമണിയായിരുന്നു' ഒരു കാലത്ത് ഞാൻ.(ഛർദിൽ). അഗ്നിയും, സോമനും, ഇല മഹാരാജവും, അർദ്ധ നാരീശ്വരനും, പുട്ടും കടലയും ഒക്കെയായി കൊറേ വായിച്ചെടുത്തു. അങ്ങനെയുള്ള മിത്തുകളൊക്കെ തീർത്തും വായിക്കാത്ത മതമൗലികവാദികളെ നേരിട്ടപ്പോൾ മനസ്സിലായി, ഇതിനേക്കാൾ ഒക്കെയും എളുപ്പം, എന്റെ അസ്തിത്വം വിലയ്ക്കെടുക്കാത്ത മതങ്ങളെയും മനുഷ്യരെയും തള്ളിക്കളയുന്നതാണെന്ന്. ശാസ്ത്രത്തിൽ കുറച്ചുകൂടെ വിവരം വച്ചപ്പോൾ പിന്നെ പൂർണമായും തള്ളിക്കളയാനായി: ഒരു പൂർണ നിരീശ്വരവാദിയായി.
LGBTQI+ മനുഷ്യരോടുള്ള മതങ്ങളുടെ കാഴ്ചപ്പാട് മാറുന്നതിലൂടെ ആസകലമായ ഒരു സമൂഹം ഉണ്ടാവുമെന്ന് ഒരു ചുക്ക് വിശ്വാസവുമില്ല. മതമില്ലായിരുന്നെങ്കിൽ ധര്‍മ്മാധര്‍മ്മവിവേചനം ഉണ്ടാകില്ലെന്ന് വാദിക്കുന്നപോലെ, മതം അഗീകരിച്ചാൽ അസ്തിത്വം ഒന്നുകൂടെ ഉറപ്പിച്ചെടുക്കാൻ കഴിയുമെന്നുള്ള പഴയ സമൂഹ ഉടമ്പടി തള്ളികളയേണ്ടതുണ്ട്. വിശ്വാസത്തെ മുൻനിർത്തിയുള്ള സോഷ്യൽ ഇൻക്ലൂഷൻ ഒരു വസ്തുതയാണ്. അതിനെ കൂട്ടു പിടിച്ചു മതങ്ങൾ ഒക്കെയും LGBTQI+ മനുഷ്യരെ സ്വീകരിക്കുന്നുണ്ടെന്നു പറയുന്നതൊക്കെ ഇന്ത്യൻ സമൂഹത്തിൽ എത്രയ്ക്ക് വിലപ്പോവുമെന്നു കണ്ടറിയാം!
അസിം പ്രേംജി ഫൗണ്ടേഷനും ലോക് നീതിയും സംയുക്തമായി നടത്തിയ 'Politics and Society Between Elections - 2019' എന്ന സർവേ പ്രകാരം same sex ബന്ധങ്ങളെ ഏറ്റവും കൂടുതൽ എതിർക്കുന്ന നാല് ഇന്ത്യൻ സംസ്ഥാങ്ങളിൽ ഒന്നാണ് കേരളം. കേരള സമൂഹത്തിലെ 58% വരുന്ന ആളുകളാവട്ടെ LGBTQI+ സമൂഹത്തെ സ്വീകരിക്കാൻ കൂടി തയ്യാറല്ല. ഈ അവസ്ഥാ വിശേഷങ്ങൾ നിലനിൽക്കുമ്പോൾ തന്നെ വ്യക്തിപരമായ സ്വീകാര്യതയ്ക്കും മനസ്സമാധാനത്തിനും വേണ്ടി നമ്മൾ വാദിച്ചു ഉണ്ടാക്കുന്ന മതപരമായ സ്വീകാര്യതയ്ക്ക് സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്ന് മാത്രമല്ല മതങ്ങളാണ് അത്തരം സ്വീകാര്യതയ്ക്ക് വിലങ്ങുതടികൾ ആവുന്നതെന്ന് തോന്നാറുമുണ്ട്. ഒരു പരിധിവരെ internalised homophobia ഉണ്ടാക്കിയെടുക്കാനും, തന്റെ സ്വത്വം തിരിച്ചറിയാൻ വൈകുന്നതിനും, സ്വത്വം മറച്ചുവയ്ക്കുന്നതിനും പിന്നിലുള്ള കാരണം മതങ്ങൾ തന്നെയാണ്.
ഇനി മതം അത് പറയുന്നില്ല ചില മതവിശ്വാസികൾ മാത്രമാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു വരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. Post conventional religious resoning (അഥവാ മതപരമായ തീരുമാനങ്ങൾ മത-അധികാര സ്ഥാപനങ്ങൾക്ക് പകരം സ്വയം കണ്ടെത്തലും സ്വീകരിക്കലും) ചെയുന്ന അത്തരം വിശ്വാസികളോട് പറയാനുള്ളത് മതം എന്നത് ഒരു ഇൻസ്റ്റിട്യൂഷനലൈസ്ഡ് ഏജന്റ് ആണ്. അത് പിന്തുടരുന്ന ആളുകളുടെ സ്വഭാവമാണ് മതത്തിന് ഉണ്ടാവുക. അതുകൊണ്ട് തന്നെ മതം സാമൂഹിക ചുറ്റുപറ്റുകൾക്ക് അനുസൃതമായി മാറികൊണ്ടേയിരിക്കും. Post conventional religious reasoning, അത് ഏത് സമൂഹ ഏജൻസിയിൽ നിന്ന് വന്നാലും, ഒരു കാലത്തും സഹിച്ചിട്ടില്ലാത്ത ഇന്ത്യൻ മതങ്ങൾക്ക് ഈ അടുത്ത കാലത്തൊന്നും മാറ്റത്തെ അഭിമുഖീകരിക്കാൻ കഴിയുകയുമില്ല. ശബരിമല മുതൽ പള്ളി പ്രശ്നം വരെ കാണിച്ചു തരുന്നത് അതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ശവസമസ്കാരം എന്ന മാനവിക അവകാശത്തെ പോലും എതിർത്തു പറയുന്നത് ഭാവിയിൽ കാണാനിരിക്കുന്നുമുണ്ട്. അതുകൊണ്ടു post conventional religious reasoning ചെയുന്ന വിശ്വാസികളോട് അതൊരു സ്വകാര്യ പ്രവർത്തിയാക്കി കൊണ്ട് നടക്കണമെന്ന് അപേക്ഷിക്കുന്നു.
മതവിശ്വാസികളായ LGBTQI+ വ്യക്തികളെ കൗണ്സിലിംഗിന് വിധേയമാകുമ്പോൾ post conventional religious resoning ഒരു പരിധിവരെ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടിച്ച പമ്പിനെകൊണ്ടു വിഷം ഇറക്കുന്ന പരിപാടിയാണ് അതെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. മതങ്ങളെയും അതിന്റെ ആശയങ്ങളെയും ആത്മീയത, ബ്രഹ്‌മജ്ഞാനം, ജാതി രാഷ്ട്രീയം, വിദ്യാർത്ഥി ജാതി രാഷ്ട്രീയം എന്നൊക്കെയുള്ള വെളുത്ത പാക്കറ്റിൽ ആക്കി വിൽകുന്നവരെക്കൂടി ഇതിൽ ചേർക്കുന്നുണ്ട്. അതിലെ പാക്കറ്റ് ഒഴിച്ചാൽ ഉള്ളതൊക്കെ പഴയ സാധങ്ങൾ തന്നെയാണ്. ആർക്കും കേറി ഏറ്റെടുക്കാവുന്ന, തഴയാവുന്ന ഒരു സമൂഹത്തിനെ എന്തിനും ഏതിനും, തെറ്റിനും ശരിക്കും കൂടെ ചേർക്കാൻ കഴിയില്ലെന്ന് ഓർമിപ്പിക്കട്ടെ! ഉറച്ച നിലപാടുകൾ ഉള്ളവർ പലരും ഉണ്ടെന്ന് എഴുതിയിടട്ടെ!
മതങ്ങൾ കല്പിച്ചു തന്ന കുറ്റബോധം ഓരോ ലൈംഗീക വേഴ്ചയ്ക്ക് ശേഷവും, ഓരോ മാസ്റ്റർബേഷനു (മുഷ്ടി മൈഥുനം) ശേഷവും അനുഭവിക്കുന്ന ഒരു മനുഷ്യ സമൂഹത്തിൽ നിന്നുകൊണ്ട് മതത്തിന്റെ LGBTQI+ സ്വീകാര്യതയെ കുറിച്ചു സംസാരിക്കുന്ന അത്ര മണ്ടത്തരം വേറെയുണ്ടോ?
LGBTQI+ വിഷയവും, എന്റെ ഗേ അസ്തിത്വവും സ്വീകാര്യമാണെന്നു പറഞ്ഞു വരുന്ന മതവിശ്വസികളോട് ഒന്നേ എനിക്ക് പറയാനുള്ളൂ: ആ certificate എനിക്ക് വേണ്ട. മതങ്ങളെ മൊത്തത്തിൽ discredit ചെയ്ത സ്ഥിതിക്ക് അത് കിട്ടിയിട്ടും വല്യ പ്രയോജനമില്ല.
പി.എസ്: പണ്ടൊരു പറച്ചിലുണ്ട് തിന്നാൻ ഇരിക്കുമ്പോൾ ബ്രമ്മൻ പ്രത്യക്ഷപ്പെട്ടാലും എഴുന്നേൽക്കരുതെന്ന്. അത്രയേ ഉള്ളൂ. നമ്മടെ സൗകര്യത്തിന് പ്രത്യക്ഷപ്പെട്ടാൽ മതി.
ഇല്ലേൽ പോട്ടെ!
അല്ല പിന്നെ.
Comments
Post a Comment