യാത്ര തിരിക്കാൻ നേരത്താണ് നഖം വെട്ടണമെന്ന് ആലോചിക്കുന്നത്. നെയിൽ കട്ടർ എടുത്ത് ഞാൻ പുറത്തേക്കിറങ്ങി. മൂന്ന് വീടുകൾ നിൽക്കുന്ന ഒരു പുരയിടമാണ് എൻ്റെത്. മൂന്നിലൊന്ന് എൻ്റെ (അച്ഛൻ്റെ ) വീട്, തൊട്ട് അടുത്ത് തന്നെ ഒരു കല്ലെടുത്തു മെല്ലെ എറിഞ്ഞാൽ കൊള്ളുന്ന ദൂരത്ത് അച്ഛൻ്റെ തറവാട്, നേരെ മുന്നിലൊരു ചെറിയ വീടുണ്ട്. പണ്ടത്തെ കളപ്പുര
തട്ടി മിനുക്കി എടുത്തതാണ്. തറവാടും കളപ്പുരയും വാടകയ്ക്ക് കൊടുത്തിരിക്കുന്നു. അവിടെ ഇപ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ ആണ്. എനിക്കൊരു ഉപകാരവും ഇല്ലാത്ത ഒന്ന്. വല്ല ജയന്റ്സ് ഹോസ്റ്റൽ ആയിരുന്നേൽ ഒരു നേരം പോക്ക് എങ്കിലും ആയേനെ!Photo by Khadija Yousaf on Unsplash |
ഞാൻ നെയിൽ കട്ടർ കൊണ്ട് നന്നായി നഖം വെട്ടിക്കൊണ്ടിരുകുന്നു. ഒറ്റ അടിക്ക് ഒരു നഖം വെട്ടിയാൽ ഒരു ഭംഗിയും ഉണ്ടാവില്ലെന്ന് പണ്ടൊരു യൂ ട്യൂബ് വീഡിയോ ഓർത്ത് കൊണ്ട് പതിയെ പതിയെ കട്ടർ പ്രയോഗിച്ചുകൊണ്ടിരുന്നു. ഒരു നഖം ചെറിയ ചെറിയ ഒരുപാട് കഷ്ണങ്ങൾ ആക്കി വേണം മുറിക്കാൻ. ഒറ്റയടിക്ക് ഒരു വലിയ ചന്ദ്രക്കല പോലെ മുറിച്ചു കളഞ്ഞാൽ നഖത്തിന് ഒരു ഷേപ്പും ഉണ്ടാവില്ല! അങ്ങനെ സൗകര്യപൂർവം നഖം മുറിച്ചു സാധാരണയിൽ കൂടുതൽ ചുളിവുകൾ വീണ എൻ്റെ കൈകൾ ഞാൻ മിനുക്കി കൊണ്ടിരുന്നു.
നേരെ മുന്നിലെ കളപ്പുര വീട്ടിൽ രണ്ട് പിസറ് ചെക്കന്മാരുണ്ടു. ഒരുത്തൻ നല്ല ചെറുതും ഒരുത്തൻ നാലാം ക്ലാസ്സിലും പഠിക്കുന്നുണ്ട്. നാലാം ക്ലാസ്സുകാരനാണ് എൻ്റെ മുന്നിലേക്ക് നടന്ന് വരുന്നത്. ചെറിയ കുട്ടികളെ തീരെ ഇഷ്ടമല്ലാത്ത ഞാൻ ഒരു ശ്രദ്ധയും കൊടുത്തില്ല. നഖത്തിന്റ സൗന്തര്യവത്കരണത്തിൽ കൊറേ കൂടി ഞാൻ ശ്രദ്ധകൊടുത്തു. നാലാം ക്ലാസുകാരൻ എൻ്റെ മുന്നിലെ അര വലിപ്പമുള്ള മതിലിനപ്പുറം നിന്നുകൊണ്ട് ഞാൻ നഖം വെട്ടുന്നത് സാകൂതം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
എന്നിട്ടവൻ ചോദിച്ചു " ഏട്ടൻ നഖം വെട്ടാണോ?"
അല്ല ഞാൻ കുളിക്കാണ്! നിനക്ക് കണ്ണ് കണ്ടൂടെ പീറ ചെക്കാ! ഇതാണ് എനിക്കീ ഈ കുട്ടികളെ ഇഷ്ട്ടം അല്ലാത്തത്. അവരോട് സംസാരിക്കുന്നത് തന്നെ ഒരു സമയ നഷ്ട്ടമാണ്. അവർക്ക് അറിയുന്നത് ഒക്കെയും നമുക്ക് അറിയാവുന്ന കാര്യങ്ങൾ ആവുമ്പോൾ അലോസരപ്പെടുത്തുന്ന ഈ ചോദ്യങ്ങൾക്ക് ഒക്കെയും ഉത്തരം പറയേണ്ടിവരും; പണ്ടൊരിക്കൽ ഒരു അമേരിക്കൻ ഇന്ത്യക്കാരിയുടെ സ്റ്റാൻഡ് ആപ്പ് കോമഡി ഞാൻ ആലോചിച്ചു.
ഇതൊന്നും അവനോട് പറയാതെ ചിരിച്ചുകൊണ്ട് പറഞ്ഞു "ഉം, അതെലോ"
അവൻ വീണ്ടും ഞാൻ നഖം വെട്ടുന്നത് നോക്കി ഇരിക്കുന്നു. ഞാൻ കൈകൾ രണ്ടും നല്ല വൃത്തിക്ക് വെട്ടിയശേഷം കാലെടുത്തു മതിലിൻ്റെ പൊക്കത്ത് വച്ചു. എന്നിട്ട് കാൽ നഖം വെട്ടാൻ തുടങ്ങി.
"ചേട്ടൻ ഡാൻസ് പഠിക്കാൻ പോവാണോ?"
അതിങ്ങോട്ട് കേട്ടപ്പോൾ എനിക്ക് പ്രത്യേകിച്ചു ഭാവ പകർച്ച ഒന്നുമുണ്ടായില്ല. ഇതൊരു സ്ഥിരം ചോദ്യമാണ് ഡാൻസ് കളിക്കാറുണ്ടോ? ഡാൻസ് പഠിച്ചിട്ടുണ്ടോ? യൂ ട്യൂബിൽ ഡാൻസ് കളിക്കുന്ന ആ മുടിയുള്ള ആൾ നിങ്ങളല്ലേ? ഭരതനാട്യം അറിയില്ലേ! അങ്ങനെ അങ്ങനെ എന്തെല്ലാം ചോദ്യങ്ങൾ. ഇതൊക്കെ അതിൻ്റെ ഒരു സ്‌പോർട്‌സ് മാൻ സ്പിരിട്ടിൽ എടുക്കാൻ തുടങ്ങിയ ഞാൻ പറഞ്ഞു:
"ഡാൻസോ! ഞാനോ!" ആവുന്ന പുച്ഛവും അത്ഭുതവും പറയുന്ന കൂടെ ചേർത്തിട്ടുണ്ട്.
"അപ്പൊ ചേട്ടൻ ഡാൻസ് പഠിക്കുന്നില്ലേ!!!!"
"ഇല്ലല്ലോ"
"പിന്നെ എന്താ ഇങ്ങള് ചെയ്യുന്നത്"
"ഞാൻ ഗസ്റ്റ് ലെക്ചറർ ആണ്"
"എന്ന് വച്ചാല്?"
"എന്ന് വച്ചാൽ കോളേജിൽ കുട്ടികളെ പഠിപ്പിക്കുന്നു"
"ഏട്ടൻ, ചെറുപ്പത്തിൽ അതായിനോ ആഗ്രഹം?"
ഓഹ് ചെറുപ്പത്തിൽ എന്തെല്ലാം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ലോക്കോ പൈലറ്റ്, പൈലറ്റ്, ക്യാബിൻ ക്രൂ, അദ്ധ്യാപകൻ, വയലിനിസ്റ്റ് അങ്ങനെ അങ്ങനെ എന്തൊക്ക ആഗ്രഹങ്ങൾ.
ഒന്നും നടന്നില്ല.
അല്ല, ഒന്ന് നടന്നു.
അധ്യാപകൻ ആയി. ബി.എഡ് എടുത്തിട്ടുണ്ട്. ഞാൻ ഓർമിച്ചു.
ആ ഒരു ഓർമയിൽ ഞാൻ പറഞ്ഞു: "അതേ, എനിക്ക് അധ്യാപകൻ അവനായിരുന്നു ഇഷ്ട്ടം"
"എനിക്ക് നേവിയിൽ ചേരണം"
നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. നേവിയിൽ ചേരണം പോലും. ചേര്..ചേര്.. മനസ്സിൽ അവനെ കൊറേ പുച്ഛിച്ചു എന്നിട്ട് ഞാൻ ചോദിച്ചു
"എന്തിനാണ് നേവിയിൽ തന്നെ ചേരുന്നത്?"
"ഈ നേവി എന്ന് പറഞ്ഞാൽ കടലിൽ പോവുന്ന ആർമി ആണ്. പിന്നെ കപ്പലുകൾ ഒക്കെ വെടി വെയ്ക്കാം"
"അങ്ങനെ ഇഷ്ട്ടം പോലെ വെടി വെയ്ക്കാൻ ഒന്നും പറ്റില്ല"
"ഇഷ്ട്ടം പോലെ അല്ല. അവര് എങ്ങോട്ട് വരുമ്പോൾ വെടി വയ്ക്കണം"
"ആര് വരുമ്പോൾ"
"പാകിസ്ഥാൻകാര്. ഓലൊക്കെ ഇങ്ങോട്ട് വരാൻ നോക്കും അപ്പോൾ വെടി വയ്ക്കണം" ദേശസ്നേഹം ചുറ്റും പരക്കുന്ന (വളിഞ്ഞ) മണം
എൻ്റെ ഈശ്വരാ! 1947 മുന്നേ വരെ ഒരുമിച്ചു ജീവിച്ചതാണ് നമ്മൾ. ഭരണകൂടം എന്തൊക്കെ പറഞ്ഞാലും, മത മൗലികവാദികൾ എന്തൊക്കെ ചിലച്ചാലും നമ്മൾ ഒരുമിച്ചു ജീവിച്ചത് തന്നെയല്ലേ? അവരെയാണോ ഈ വെടി വച്ചു കൊല്ലുന്നത്. ചരിത്രം ഒക്കെ പറഞ്ഞു കൊടുക്കാൻ ഞാൻ വെമ്പൽ കൊള്ളി. പിന്നെ വിചാരിച്ചു വേണ്ടാന്ന്. അവൻ്റെ ചൈൽഡ് സ്ട്രോക്കിൽ തന്നെ ഒന്ന് സംസാരിച്ചു നോക്കാം.
"ആരെങ്കിലും ഒരാളെ വെറുതെ വെടിവച്ചു കൊല്ലുമോ?"
"ഓര് ഇങ്ങോട്ട് വന്ന് രാജ്യം ഭരിക്കാൻ ആണ്! അതോണ്ടാണ് വെടിവയ്ക്കുന്നത്"
"വെടി വച്ചാൽ ആളുകളൊക്കെ മരിക്കില്ലേ?"
"ഇല്ലല്ലോ, നമ്മൾ നേവി അല്ലെ ബോട്ട് വെടിവെച്ചു പോയാൽ മതി. ബോട്ട് മുങ്ങുമ്പോൾ അവര് നീന്തി പൊയ്ക്കോളും"
"എടാ, ഷിപ്പ് ഒക്കെ വെടിവെച്ചാൽ ചെലപ്പോ പൊട്ടിത്തെറിച്ചു എന്നൊക്കെ വരും"
"ഞാൻ അതിന് ആ ഷിപ്പ് അല്ല ഇങ്ങനെ ഇങ്ങനെ പോവുന്ന ഷിപ്പാണ്" കൈകൊണ്ട് തുഴയുന്ന പോലെ ആംഗ്യം കാണിച്ചുകൊണ്ടിരിക്കുന്നു.
"തുഴയുന്ന ബോട്ടിലാണോ നേവി കടലിൽ പോവുന്നത്?" ഞാൻ ഒരു കട്ട-പുച്ഛം മതിലിൻ്റെ പുറത്ത് വച്ചു തുടർന്നു:
"നിനക്ക് അപ്പോൾ ആർമിയിൽ ചേരണ്ടേ? എയർ ഫോഴ്സ് ആയാലോ? അതാവുമ്പോൾ പ്ലെയിൻ ഒക്കെ പറത്താ"
"എയർ ഫോഴ്സ് ഒക്കെ ഭയങ്കര ബുദ്ധിമുട്ടാണ്" ഒരു ഉദ്യോഗാർത്ഥിയുടെ വിഷമത്തോടെയാണ് ആശാൻ, "അതിന് നല്ല കണ്ണ് വേണം"
"കണ്ണോ!!"
"ആ എൻ്റെ ടീച്ചർ പറഞ്ഞു. പ്ലെയിൻ പറത്താൻ നല്ല കണ്ണ് വേണം എന്ന്" പിന്നെ കണ്ണല്ലേ വേണ്ടത്...കണ്ണ്...എനിക്ക് ചിരി വന്നു. അവൻ തുടർന്നു
"ഓരെ ഒരു ബന്ധു 20 കൊല്ലമായി ആർമിയിൽ പോവാൻ നോക്കുന്നു. എന്നിട്ട് അവസാനം കിട്ടി. എന്നിട്ട് അവര് എന്തോ എഴുതാൻ പറഞ്ഞു. അപ്പോൾ ഓല് പേന പിടിച്ചത് എങ്ങനെയോ ആണ്. പേന പിടിക്കാൻ അറിയില്ലെന്ന് പറഞ്ഞു ഓലെ ഒഴിവാക്കി. പെന്ന് പിടിക്കാൻ അറിയാത്ത ആള് എങ്ങനെയാ തോക്ക് പിടിക്ക" അതേ അതേ പേന പിടിക്കാൻ അറിയാത്ത ആളുകൾ തോക്ക് പിടിക്കേണ്ട എന്ന് തന്നെയാണ് എൻ്റെയും അഭിപ്രായം.
"നമ്മൾ ഇന്ത്യക്കാർ ഒന്നും ചെയ്യാതെ പാകിസ്ഥാൻ കാര് വെറുതെ വന്ന് എങ്ങനെ ആക്രമിക്കാൻ ആണ്" ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു
"ആയിന് നമ്മൾ ഒന്നും ചെയ്യണ്ടല്ലോ. ഓർക്ക് ഇവിടെ വന്ന് ഭരിക്കാൻ ആണെന്ന്. എന്നിട്ട് ഇവിടെ ഒക്കെ ബോംബ് ഇടും"
"നമ്മൾ എന്തേലും ചെയ്യാതെ അവര് വന്ന് ഇവിടെ ആക്രമിക്കാൻ ഒന്നും പോണില്ല, ചെക്കാ. നമ്മൾ വിചാരിക്കുന്ന പോലെ യുദ്ധം ചെയ്യാൻ ഒന്നും കഴിയില്ല"
"അതെന്താ"
"യുദ്ധത്തിന് നല്ല ചെലവാണ്. അപ്പോൾ പിന്നെ വേറെ കാര്യങ്ങൾക്ക് ഒന്നും ഇവിടെ പണം ഉണ്ടാവില്ല. സ്കൂളുകൾ നടത്താൻ, ഭക്ഷണം വിതരണം ചെയ്യാൻ ഒക്കെ പണം വേണ്ടേ?"
"അതിന് ഉണ്ടയ്ക്കൊന്നും(തോക്കിലെ തിര) വലിയ വിലയൊന്നും ഇല്ല" പണ്ട് വെടിയുണ്ടകൾ കച്ചവടം നടത്തിയ പരിചയം അവൻ്റെ മുഖത്ത് ഉണ്ടായിരുന്നു.
"ഒരു വെടിയുണ്ട മാത്രമല്ലല്ലോ. പീരങ്കി വേണം, വലിയ പോർ വിമാനങ്ങൾ വേണം"
"പോർ വിമാനം എന്താ.."
"ജെറ്റ് ഒക്കെ കണ്ടിട്ടില്ലേ..ഒരാൾ പറത്തുന്നത്?" ഹോളിവുഡ് സിനിമാ പ്രാവീണ്യം ഉള്ളത് കൊണ്ട് ഞാൻ തട്ടി വിട്ടു.
"ആ..." എന്തോ ഓർത്ത പോലെ അവൻ പറഞ്ഞു "അതിൽ ഒരാൾ മാത്രമേ ഉള്ളൂ?"
"ഒന്നോ രണ്ടോ ആളുകൾ മാത്രം. അതിൻ്റെ ഒക്കെ കാശ് കൊടുത്തു പിന്നെ ഇന്ത്യക്ക് കാശ് ഉണ്ടാവില്ല"
ചുരുങ്ങിയ സമയം കൊണ്ട് ഒരു സാരോപദേശം കൊടുത്തു ആ കുട്ടിയുടെ ഭാവി മൊത്തം സംരക്ഷിച്ച ഒരു ആശ്വാസത്തോടെ ഞാൻ അവസാനമായി ഒന്ന് കൂടി ചേർത്തുപറഞ്ഞു
"യുദ്ധം എളുപ്പം ഉണ്ടാക്കാം സമാധാനം ആണ് ഉണ്ടാക്കാൻ ബുദ്ധിമുട്ട്"
അവനെന്തോ മനസ്സിലായ മട്ടിൽ താലയാട്ടി. ഞാൻ യാത്ര പോവാനുണ്ടെന്നു പറഞ്ഞു വീടിൻ്റെ ഉള്ളിലേക്കും യുദ്ധങ്ങൾക്ക് കാശുവേണമെന്നും കാശ് ഇല്ലെങ്കിൽ യുദ്ധവുമില്ലെന്ന പുതിയ ആശയം കേട്ട നിശബ്ദതയുമായി അവൻ പറമ്പിലേക്കും പോയി. ഞങ്ങളുടെ ഇടയിലെ മതിലുകൾ അവശേഷിച്ചു.
Comments
Post a Comment