വിദ്യാർഥികളുടെ ഇന്റർണൽ മാർക്ക് സമർപ്പിക്കേണ്ട ദിവസമായതുകൊണ്ടു അന്ന് വളരെ തിരക്കിലായിരുന്നു. ക്ലാസ്സും, മാർക്ക് സബ്മിഷൻ ഒക്കെ കഴിഞ്ഞപ്പോഴേക്കും ഉച്ചയ്ക്ക് രണ്ട് കഴിഞ്ഞിരുന്നു. അപ്പോഴാണ് സിനിമയ്ക്ക് പോവാമെന്ന് പറഞ്ഞു സുഹൃത്തിൻ്റെ വിളിവരുന്നത്. ഉച്ചയ്ക്ക് ഒരോട്ടോ വിളിച്ചു നേരെ എസ്. എം. സ്ട്രീറ്റിലുള്ള രാധയിലേക്ക് വച്ചുപിടിച്ചു. 'മൂത്തോൻ' വരുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ അതൊന്ന് കാണണം എന്നുണ്ടായിരുന്നു. സ്വവർഗ്ഗപ്രേമം അതിലൊരാശയം ആണെന്ന് നേരത്തെ അറിഞ്ഞതാണ്. അന്നുമുതൽ എന്തായിരിക്കും സംവിധായകയ്ക്ക് പറയാനുണ്ടാവുക എന്നാലോച്ചിരുന്നു. അങ്ങനെയൊക്കെ ഒരാൾ ആലോചിക്കുമോ എന്ന് ചോദിച്ചാൽ പറയാനുള്ളത് ചാന്ത്പൊട്ട്, മൈ ലൈഫ് പാർട്ണർ, മുംബൈ പോലീസ് പോലെയുള്ള സിനിമകളുടെ വലിയ നിരകളാണ്.
ഒരു സിനിമാ മേഖലയ്ക്ക് പാർശ്വവത്കരിച്ച ഒരു സമൂഹത്തിനോട് ചെയ്യാനാവുന്ന എല്ലാം ചാന്ത്പൊട്ടിലൂടെയും മുബൈ പൊലീസിലൂടെയും മലയാള സിനിമ ചെയ്തു കഴിഞ്ഞിരുന്നു. പിന്നീടുള്ള കഥാപാത്രങ്ങൾ ഒക്കെയും സ്ത്രൈണവത്കരിച്ച സൈഡ് കിക്കുകളോ, ഹെട്രോസെക്ഷ്വൽ ഭൂരിപക്ഷത്തിന് ചിരിച്ചു മറയാനുള്ള ഫില്ലെർ റോളുകളിൽ പ്രത്യക്ഷപ്പെടുന്നവ ആയോ ചുരുങ്ങി. ക്യുഎർ വർണരാജികളെ ഒക്കെയും, എന്തിന് അതിൻ്റെ പ്രണയമത്രയും രതി ക്രീഡയെന്ന ചെറുവാക്കിൽ ഒതുകുന്ന ഹെട്രോസെക്ഷ്വൽ സംവിധായകരുടെ അറിവില്ലായ്മ സിനിമകളിലൂടെ സമൂഹത്തിലെത്തിയിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥി പ്രൈവറ്റ് ചാറ്റിൽ 'ഗേ പ്രണയത്തിൽ സെക്സ് മാത്രം അല്ലെ പ്രാധാന്യം?' എന്നെന്നോട് ചോദിച്ചിരുന്നു. അധ്യാപകൻ എന്നെനിക്കുള്ള പരിധിയിൽ നിന്നുകൊണ്ട് എൻ്റെ പ്രണയമെല്ലാം ഹെട്രോസെക്ഷ്വൽ പ്രണയങ്ങൾ പോലെയാണെന്ന് വാദിക്കേണ്ടി വന്നിട്ടുണ്ട്. ഗേ അവകാശങ്ങൾ എന്നാൽ ഹെട്രോസെക്ഷ്വൽ അവകാശങ്ങളുമായി താരതമ്യപ്പെടുത്തി, ഇല്ലാത്തവ നേടിയെടുക്കേണ്ട ഒന്നല്ലെന്ന് ഉറപ്പുള്ളപ്പോഴും സമൂഹത്തോട് നിരന്തരം കലാഹിക്കുമ്പോൾ ചൂണ്ടിക്കാണിക്കാൻ മലയാളത്തിലെ മുഖ്യധാരാ സിനിനയിൽ റഫറൻസുകൾ ഇല്ലല്ലോ എന്നാലോചിച്ചു വിഷമിക്കാറുണ്ടായിരുന്നു. അമീർ-അക്‌ബർ അതിനൊരു പരിഹാരം ഉണ്ടാക്കിയെന്ന് വേണം പറയാൻ. സിനിമകാണും വരെ സിനിമയുടെ ഒരു ചെറിയ സീനിൽ ഒതുങ്ങുന്ന ഒരു ചെറു കഥയായിരിക്കും അമീർ-അക്‌ബർ പ്രണയമെന്നാണ് കരുതിയിരുന്നത്. എന്നാൽ സിനിമയുടെ ഒരു സുപ്രധാന സ്ഥാനം അവരുടെ പ്രണയ കഥയ്ക്കുണ്ടെന്ന് മനസ്സിലായപ്പോൾ സംവിധായകയെ ആലോചിച്ചു തീയേറ്ററിൽ ഇരുന്ന് കൊണ്ട് ഞാൻ നന്ദി പറഞ്ഞു.
പ്രണയ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ സംവിധായക കൈക്കൊള്ളുന്ന സൂക്ഷമത ശ്രദ്ധേയയമാണ്. ആവശ്യത്തിൽ കൂടുതൽ ലൈംഗീകവത്കരിച്ച ഗേ പ്രണയമാണ് കൈകര്യം ചെയ്യുന്നതെന്ന് പൂർണയബോധ്യം ഉള്ളത് പോലെ സംവിധായക നടത്തിയ ഇടപെടലുകൾ ഗേ പ്രണയത്തിൻ്റെ എല്ലാ മാധുര്യത്തെയും തുറന്ന് കാണിക്കുന്നുണ്ട്. അമീറിൻ്റെയും അക്ബറിൻ്റെയും കഥയിൽ മറ്റുകഥാപാത്രങ്ങൾ ഒക്കെയും തന്നെ പാർശ്വവത്കരിച്ച ഒരു ജനതയെയെങ്കിലും ഭംഗിയായി പ്രതിനിധീകരിക്കുന്നുണ്ട്. മുല്ലയെ കൊണ്ടുചെന്നാക്കുന്ന ലത്തീഫ് (സുജിത് ശങ്കർ) എന്ന കഥാപാത്രം (ജൻഡർ ഡിസ്‌ഫോറിയ ആണോ എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും), ഡാൻസ് ബാർ നടത്തുന്ന അവിടെ തന്നെ ഡാൻസ് കളിക്കുന്ന കുടുംബിനിയായ അമ്മയുമെല്ലാം (മെലിസ്സ) അത്തരം സിംബോളിക് കഥാപാത്രങ്ങളാണ്. പലപ്പോഴും അത്തരം ഉൾപ്പെടുത്തലുകൾ സിനിമകളിൽ മുഴച്ചു നിൽക്കുകയാണ് പതിവ്. എന്നാൽ 'മൂത്തോനിൽ', മുഴപ്പുകൾ ഒന്നുമില്ലാതെ കഥയുടെ ഒഴുക്കിൽപ്പെടുന്ന കഥാപാത്രങ്ങളായി മാറുന്നുണ്ട്. സെക്ഷ്വൽ മൈനൊരിറ്റി ഉൾപ്പെടുന്ന സിനിമകൾ ഒക്കെയും ഡോകുമെൻ്റെറി വേഷം ഇട്ട സിനിമകൾ ആകുന്ന പതിവും സിനിമ തെറ്റിക്കുന്നുണ്ട്. കഥാപാത്രത്തെ കുറിച്ചുള്ള അവതരണം എന്ന നിലയിൽ മറ്റു കഥാപാത്രങ്ങളുടെ സംഭാഷങ്ങൾ ഉൾപ്പെടുത്തുന്ന സ്ഥിരം പരിപാടികൾ ഒന്നുമില്ല. കഥയിൽ അമറിൻ്റെ അക്‌ബറിൻ്റെയും പ്രണയം പ്രണയമായിതന്നെയാണ് കാണിക്കുന്നത്. ആ പ്രണയ ബന്ധത്തെക്കുറിച്ചു പ്രതിഭാധിക്കുന്ന തരത്തിൽ ഹെട്രോസെക്ഷ്വൽ മജോറിറ്റി പറയേണ്ടിയിരുന്ന സംഭാഷങ്ങൾ ബോധപൂർവം ഒഴിവാക്കുന്നതായി തന്നെ കാണാം. അതായത് പ്രണയത്തെ അങ്ങനെ തന്നെ പറഞ്ഞു വയ്ക്കുന്നു, ആ പ്രണയത്തിൻ്റെ നിർവചനങ്ങൾ സിനിമയിൽ ഉൾപ്പെടുത്തുന്നില്ല. അക്ബറുമായുള്ള അമീറിൻ്റെ ബന്ധമറിയുന്ന അമീറിൻ്റെ അമ്മ അക്ബറിനെ തനിക്കാവും വിധം തല്ലുന്ന സമയത്തുപോലും അത്തരമൊരു സംഭാഷണം ഒഴിവാക്കുന്നതിൻ്റെ പിന്നിലുള്ള ചേതോവികാരം അതുതന്നെയാണെന്ന് ഊഹിക്കേണ്ടതുണ്ട്.
പ്രണയത്തിലായ ശേഷം തൻ്റെ ശരീരത്തിൽ അക്ബർ ഏൽപ്പിക്കുന്ന മുറിവുകൾക്ക് വേദനയുണ്ടെന്ന് തിരിച്ചറിയുന്ന ഭാഗവും ശ്രദ്ധയാകർഷിക്കുന്നുണ്ട്. അതുവരെ വിശ്വാസത്തിൻ്റെ പേരിൽ താൻ സ്വയമേൽകുന്ന മുറിവുകൾ അയാൾക്ക് വേദന ഉളവാക്കുന്നവ അല്ലായിരുന്നു. പിന്നീട് അമീറുമായി പ്രണയത്തിലാവുമ്പോൾ മാത്രമാണ് അയാളുടെ മുറിവുകൾ വേദനിക്കാൻ തുടങ്ങുന്നത്. അക്ബറിൻ്റെ ചേട്ടൻ അതിനെ ഒരു 'കർമഫലമെന്നോണം' കാണുകയാണ്. പിന്നീട് അമീറിൻ്റെ മരണത്തെ തുടർന്ന് അമീറിൻ്റെ മുബൈ നഗരത്തിലേക്ക് അക്ബർ ചേക്കേറുന്നു. മുല്ല അന്വേഷിച്ചു നടക്കുന്ന അവളുടെ മൂത്തോൻ താനാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദനയും മാറ്റവും ഒരേ പാറ്റേർണിൽ പറയുന്നുണ്ട് സംവിധായക. പ്രണയം മുറിവുകൾക്ക് വേദനനൽകുന്നു എന്നല്ല മറിച്ചു പ്രണയവും സ്നേഹവും വേദനയെയും സന്തോഷത്തെയും വേർതിരിച്ചറിയാൻ മനുഷ്യനെ പ്രാപ്തനാക്കുന്നു എന്നാണ് കാണിക്കുന്നത്.തൻ്റെ സെക്ഷ്വൽ ഐഡന്റിറ്റിയിൽ ദുഃഖിക്കുന്ന പോലീസുകാരൻ്റെ കഥയെക്കാൾ കേൾക്കാൻ ഇമ്പം പ്രണയത്തിൻ്റെ തീവ്രത മാത്രം പറയാനുള്ള കഥയ്ക്കാണ്.
നീല കടലിലെ ദ്വീപ് സമൂഹത്തിൽ നടക്കുന്ന സിനിമയ്ക്ക് മലയാളത്തിലുള്ളലുള്ള ഡൈലോഗുകൾ വേണ്ടെന്നും, ജെസെറി തന്നെമതിയെന്ന് തീരുമാനിച്ചതും നല്ലൊരു തീരുമാനമായി. ലക്ഷദ്വീപിൽ നടക്കുന്ന കഥകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെകിലും അത് ദ്വീപിൽ എത്തുന്ന മലയാളിയുടെ കഥയോ, ദ്വീപിൽ നിന്ന് വൻകരയിലെത്തുന്ന മനുഷ്യൻ്റെ കഥയോ ആയിരുന്നു. അവയിലൊക്കെ മലയാള സംഭാഷങ്ങൾ മാത്രം നിറഞ്ഞു നിൽക്കുകയും ചെയ്തു. എന്നാൽ ദ്വീപിൽ നിന്നുകൊണ്ട് ജെസെറി പറയുന്ന മലയാള സിനിമ മറ്റൊന്നും ഉണ്ടാവില്ല. ദ്വീപിൻ്റെ സംകാരികതയും അവിടെ തങ്ങി നിൽക്കുന്ന ഒറ്റപ്പെട്ട സമൂഹത്തിൻ്റെ വ്യസനതകളും ആദ്യ ഭാഗങ്ങളിൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ഗേ പ്രണയത്തിൻ്റെ തീവ്രതകൾ കുറച്ചെങ്കിലും വരച്ചുകാണിക്കാൻ ധൈര്യപൂർവം തയ്യാറായ സംവിധായകയെകുറിച്ചു എത്ര പറഞ്ഞാലും മതിയാകില്ല. സിനിമയിൽ വേഷം ഇട്ട റോഷനെയും, നിവിൻപോളിയെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഗേ ആയി ഒരു ഹോമോഫോബിക് സമൂഹത്തിൽ അഭിനയിക്കുക അത്ര എളുപ്പമല്ല. താര പരിവേഷമുള്ള നായകന്മാർക്ക് പ്രത്യേകിച്ചും. അതെല്ലാം കാറ്റിൽ പറത്തി ഇതൊക്കെ മലയാള സിനിമയിലും പറ്റും എന്ന് ഇന്നേവരെയുള്ള സിനിമാ നടന്മാർക്ക് കാണിച്ചു കൊടുത്തതിലും നന്ദി. അക്ബറിൻ്റെ മുന്നിൽ ചുരുളൻ മുടിയുമായി ഷാർട്ടിടാതെ വാതിൽ ചാരി മന്ദഹസിച്ചു നിൽക്കുന്ന അമീറും, അമീറിനെ കാണാൻ പോവുമ്പോൾ സുറുമ എഴുതി കണ്ണാടി നോക്കി ചിരിക്കുന്ന അക്ബറും മനസ്സിലിടം പിടിച്ചു കഴിഞ്ഞു. അതോടൊപ്പം തന്നെ സ്പെഷ്യലി ഏബ്ള്ഡ് ആയ അമീറിൻ്റെ പ്രണയത്തെ സൂക്ഷമതയോടെ പറഞ്ഞുവയ്ക്കാൻ സംവിധായ ശ്രമിക്കുന്നുമുണ്ട്. തൻ്റെ ഇഷ്ട്ടം ആഗ്യഭാഷയിലൂടെ അക്ബറിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന അമീറിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. സ്പെഷ്യലി ഏബ്ള്ഡായ ക്യുഎർ കഥകൾ ലോകത്തു തന്നെ വിരളമാണെന്ന് ഓർക്കണം. അപ്പോഴാണ് ഒരു സംവിധായക അതിനെ എളുപ്പത്തിൽ തൻ്റെ സിനിമയിൽ പറഞ്ഞിടുന്നത്. അവിടെ അങ്ങനെയൊന്ന് വേണമെന്നില്ലായിരുന്നു എന്നാൽ അതവിടെ ചേർത്തതുകൊണ്ട് സിനിമ മറ്റൊരു മൈനോരിറ്റിയെക്കൂടി ഉൾപ്പെടുത്തുകയാണ്. അവിടെയാണ് ഗീതു മോഹന്ദാസിൻ്റെയും അനുരാഗ് കശ്യപിൻ്റെയും സ്ക്രീൻ പ്ലേ വിജയം കാണുന്നത്. അമീർ-അക്‌ബർ മലയാള സിനിമാ ചരിത്രത്തിൽ ഒരു സുപ്രധാന ഭാഗം തന്നെയാണ്. അതിലുപരി മലയാള സിനിമയിലെ ഒരു റെഫെർന്സ് ആയും, ഒരളവ് കോലായും സിനിമ നിലനിൽക്കും. മൂത്തോൻ അങ്ങനെ ഒരു ലക്ഷണമൊത്ത LGBTQI മലയാള സിനിമയാകുകയാണ്.
നീല കടലിൽ അമീറും അക്‌ബറും കുളിക്കാൻ ഇറങ്ങുന്ന സീനിൽ രാധടീയേറ്ററിൽ നിന്ന് ഒരു കുടുംബം ഇറങ്ങി പോവുകയുണ്ടായി. അത്രകണ്ട് ചൊടിപ്പിക്കുന്നുണ്ട് പ്രണയം എന്നാലോചിച്ചു ഞാൻ ഉറക്കെ ഉറക്കെ തീയേറ്ററിൽ ഇരുന്നു ചിരിച്ചു. കൂടെ വന്ന ചങ്ങാതി വായപൊത്തിപ്പിടിച്ചു ചെയറിൻ്റെ അരികിലേക്ക് എൻ്റെ തല താഴ്ത്തും വരെ ഞാൻ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു. അങ്ങനെ ചിരിക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു സിനിമയ്ക്ക്. നോക്ക് ഇതെൻ്റെ പ്രണയമാണെന്ന് സംശയിക്കാതെ പറയാൻ കഴിയുന്ന സിനിമയാണിത്. അത്കണ്ട് കൊടുത്ത പൈസ വേണ്ടെന്ന് വച്ച് ഇറങ്ങുന്ന ആളുകളോട് ചിരിച്ചു ചിരിച്ചു ഉറക്കെ പറയാനുള്ളത് 'അത്രയ്ക്ക് ചെറുതാണോ നിങ്ങളുടെ ചിന്തകളൊക്കെയും - and just allow me to laugh at you. This role reversal is really satisfying my trauma that you gifted me.'
പി. എസ് : ലക്ഷദ്വീപിൽ നിന്നുള്ള ഒരാളെയാണ് ഞാൻ ആദ്യമായി ഉമ്മവെച്ചതെന്ന് കൂടെ പറയട്ടെ. അവൻ്റെ കൂടെ ഉണ്ടായിരുന്ന ഒന്ന് രണ്ടു വർഷങ്ങളിൽ കേട്ട ജെസെറി എവിടെയെങ്കിലും ഉപയോഗപ്പെട്ടല്ലോ 🐵
Comments
Post a Comment