ക്രുദ്ധയായ ഇന്ത്യൻ ദേവതകൾ

ഏറെ വൈകിയാണ് ഈ സിനിമ കാണുന്നതെന്നറിയാം എന്നാലും കണ്ടതിനു ശേഷം അതിനെക്കുറിച്ച് എഴുതാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലായിപ്പോയി. കെട്ടുകഥകൾ ഒന്നുമില്ലാത്ത ധാർമികപരമായി ശരി അല്ലാത്ത ഒരു സിനിമയുണ് angry  indian  goddess . വ്യക്തമായി പറയുന്ന, കാഴ്ചക്കാരൻ്റെ  ചെകിട്ടത്തടിക്കുന്ന ഒരു കഥയുണ്ട് ആ സിനിമയ്ക്ക്. നഗരത്തിലെ എലീറ്റ് ക്ലാസ്സിൽ നിന്നു  വരുന്ന കുറച്ചു യുവതികൾ അവരുടെ കൂടെ വാലെന്നോണം ഒരു ലോവർ ഇൻകം വീട്ടുവേലക്കാരി . എല്ലാവരും നേരിടുന്ന ഒരേ ഒരു പ്രശ്നം മാത്രമേ ഉള്ളൂ: പുരുഷമേധാവിത്വവും അതിൻ്റെ  അമ്ലവർഷത്തിൽ ദ്രവിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം മുതൽ അവളുടെ  സത്ത വരെ.



ഫാഷൻ ഫോട്ടോഗ്രാഫർ ഫ്രിദ, ബോളിവുഡ് ഗായികയാവാൻ പ്രയാസപ്പെടുന്ന മാട് എന്ന മധുരിത, ഒരു ട്രോഫി ഭാര്യ ആയ പാമി എന്ന പമീല, ബിസ്സിനെസ്സ്കാരിയായ സു അഥവാ സുരഞ്ജന, സാമൂഹിക പ്രവർത്തകയായ നർഗീസ്, ബോളിവുഡ് സിനിമയിൽ നടിയായി അഭിനയിച്ചു വരുന്ന ജോവാന എന്ന ജോ, വീട്ടു വേലക്കാരിയായ ലക്ഷ്മി, ഇത്രയും കഥാപാത്രങ്ങളിലൂടെ കടന്നുപോകാൻ സിനിമയ്ക്ക് അധികം സമയം ഒന്നും വേണ്ട എന്നത് നല്ലവോളം അറിയുന്ന ആളാണ് പാൻ നളിൻ. സിനിമയുടെ ആദ്യഭാഗം മുതൽ തന്നെ സ്ത്രീ കേന്ദ്രികൃതമായ പ്രശ്ങ്ങളെ മറയില്ലാതെ പുറത്തുവിടുകയാണ് സംവിധായകൻ ചെയ്യുന്നത്. സാമൂഹിക കർത്തവ്യം നിശ്ചയിക്കുന്നത് പുരുഷനാകയാൽ എല്ലാ കാലത്തും സ്ത്രീക്ക് പുരുഷന് താഴെയാണ് സ്ഥാനം. കോർപ്പറേറ്റ് പുറംപൂച്ചായി വന്ന ലിംഗസമത്വത്തിൻ്റെ  ഭാഗമായി കഴിവുള്ള ഒട്ടനവധി യുവതികൾ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാലും അതിൻ്റെ പിന്നിലുള്ള പുരുഷമേധാവിത്വ മനോഭാവം അത്തരം യുവതികളെ കണ്ട്രോൾ ഫ്രീക്കുകൾ ആയും കീഴടക്കി ഭരിക്കുന്ന സ്വഭാവമുള്ളവരായും ചിത്രീകരിക്കുന്നു. വിശ്രമവേളകളിൽ അത്തരം സ്ത്രീകളെ ലൈംഗീകമായി ആക്ഷേപം നടത്തി ആനന്ദം കണ്ടെത്തുന്ന പുരുഷ കേസരികൾ നമുക്ക് ചുറ്റും ഒരുപാടുണ്ടല്ലോ. സ്ത്രീയുടെ 'പൂറും', 'മുലയും' (അതേ വാക്കുകൾ തന്നെ ഉപയോഗിക്കുമ്പോൾ തന്നെയാണ് ശക്തി) പുരുഷന് കയ്യേറാനുള്ള നിലങ്ങളാണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷം ആളുകളും ആ അവയവങ്ങളുടെ പേരുകൾ വിളിച്ചു ആക്ഷേപിക്കുന്നു. അത്തരം ആക്ഷേപം പുരുഷ മേധാവിത്വ വ്യവസ്ഥികൾമറികടക്കുന്ന ഏതൊരാൾക്കും കേൾക്കേണ്ടി വരും ആണായാലും പെണ്ണായാലും അത്തരം സീമകൾ മറികടക്കുന്ന ആർക്കുചുറ്റും സംസാരിക്കേണ്ടതിൻ്റെയും നടക്കുന്നതിൻ്റെയും ധരിക്കുന്നതിൻ്റെയും ചട്ടക്കൂടുകൾ ഉണ്ടാക്കും. അവ അനുസരിക്കാത്തവരെ സമൂഹമോ സാമൂഹിക ധർമ്മംകയ്യാളുന്ന ഒരു സംവിധാനമോ വിലകല്പിക്കുകയില്ലെന്ന്  മാത്രമല്ല അത്തരം മനുഷ്യരെ പുറം തള്ളുകയും, സാമൂഹിക സേവങ്ങളിൽ നിന്ന് വർജിക്കപ്പെടുകയും ചെയ്യുന്നു. സമൂഹം ഒരു അധികാര നിയുക്ത സ്ഥാപനമാണ്. അതിൻ്റെ  നിയമങ്ങൾ അനുസരിക്കുന്നവർക്കേ അതിൻ്റെ  സേവനങ്ങൾ ലഭിക്കുകയുള്ളു അല്ലാത്തവരെ പുറംതള്ളുകയോ ശിക്ഷിക്കുകയോ ചെയ്യുന്നതാണ് സമൂഹം. ശിക്ഷിക്കാൻ അതിനു ലീഗൽ സ്ഥാപനങ്ങൾ വേണമെന്നില്ല, കാരണം അത്തരം ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടത് ബന്ധങ്ങളുടെയും, ചൂഷങ്ങളുടെയും ഘഡുക്കളായി ആയിരിക്കും.

സ്ത്രയുടെ യോനിയിലാണ് അവളുടെ മാനമിരിക്കുന്നതെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് സമൂഹം. ഓരോ പീഡന കേസുകൾ കവർ ചെയ്യുമ്പോഴും മനം നഷ്ടപെട്ട ഒരു വ്യക്തിയായാണ് മാധ്യമങ്ങൾ സ്ത്രീയെ ചിത്രീകരിക്കുന്നത്. അത് തന്നെയാണ് ഭൂരിപാകം സ്ത്രീകൾ വിശ്വസിക്കുന്നതും. പുരുഷലിംഗം ഒരായുധമായും. സെക്സ് ഒരു ശിക്ഷാ മുറയായും പഠിപ്പിച്ചു കൊടുത്ത സമൂഹത്തെ തന്നെയാണ് പ്രതികൂട്ടിൽ ഇരുത്തേണ്ടത്. ഒരു ശരീര ഭാഗത്തിലൂടെ മാത്രം എന്തിനെയും നോക്കിക്കാണുന്നത് അങ്ങേയറ്റം തരംതാഴ്ന്നതാണ്. ചിത്രത്തിലെ മൊത്തമായി വിശകലനം ചെയ്യുമ്പോൾ നമുക്കെത്തി ചേരാവുന്ന സ്വാഭാവിക നിഗമനകൾക്ക് ഉപരി അതൊരു ലിബറേഷൻ സ്ട്രഗിൾ തന്നെയാണ് എന്നു പറയേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളിൽ സ്ത്രീയെപ്പോലെ പുരുഷനും ലൈംഗീക ആരോപണങ്ങളിൽ മാനനഷ്ടം നേരിടാറുണ്ട്. എന്നാൽ ഇന്ത്യൻ സമൂഹത്തിൽ അതിൻ്റെ വിപരീതമായി സ്ത്രീയെ മാത്രമാണ് കുറ്റക്കാരിയാക്കുന്നത്. പുരുഷകേന്ദ്രീകൃതമായാ സമൂഹത്തിൻ്റെ ഏറ്റവും ആദ്യത്തെ ലക്ഷണമാണത്. തുടർന്നുള്ള നിയമപോരാട്ടങ്ങളിൽ പലപ്പോഴും നഷ്ടമനുഭവിക്കുന്നതും സ്ത്രീപക്ഷത്തുള്ളവർ തന്നെ. അതോടൊപ്പം തന്നെ അത്തരം നിയമ പോരാട്ടങ്ങളിലെ കാലതാമസവും എടുത്തുപറയേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സമൂഹത്തിൽ സിനിമയിലെ ഈ യുവതികൾ തങ്ങളുടെ സുഹൃത്തിനെ പീഡിപ്പിച്ച വ്യക്തിയെ വെടിവച്ചു കൊല്ലുകയാണ്. തുടർന്ന് അറിയാതെയോ അറിഞ്ഞോ സമൂഹം അവരെ രക്ഷിക്കുകയാണ്. സമൂഹം ആ കുറ്റം ഏറ്റെടുക്കുകയാണ്. അത്തരം ഒരു സാമൂഹിക നിലപാട് ബാർബറിക് ആണ്. മാത്രമല്ല ഒരു ഇരു തലമൂർച്ഛയുള്ള വാളുപോലെയാണ് താനും. എങ്കിൽ കൂടിയും സാമൂഹിക വ്യവസ്ഥിതിയിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ, അതൊരു ന്യായീകരണം ആണെങ്കിലും; അത്തരം നിലപാടുകൾ ഒരു പ്രതീക്ഷതന്നെയാണ് എന്ന് പറയാതെ വയ്യ. എങ്കിലും ഇത്തരം സാമൂഹിക നീക്കങ്ങൾ തീർത്തും സാമൂഹിക മാനങ്ങൾക്ക് എതിരാണ് എന്നതിൽ സംശയമില്ല. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്നാൽ, അത്തരം സാമൂഹിക നിലപാടുകൾ ഉടലെടുക്കുന്നത് പീഢനത്തോട് കൂടി ഒരു യുവതിതന്നെ ഇല്ലാതാകുന്നു എന്ന ചിന്തയിൽ നിന്നാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്നത് അപമാനകരമാണെന്നും അതിൽ നിന്ന് യാതൊരു മോചനവും ഇരയ്ക്ക് ഇല്ലെന്നുമുള്ള തെറ്റായ ചിന്തയിലാണ് ഇത്തരം നിലപടുകളുടെ ആരംഭം. അത്തരം നിലപാടുകളിൽ അധിഷ്ഠിതമായ നീക്കങ്ങൾകൊണ്ട് സ്ത്രീക്കോ സ്ത്രീവിമോചനത്തിനോ കാര്യമായ നേട്ടങ്ങൾ ഒന്നും തന്നെയില്ല.


താൻ തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവുമായി രതിയിൽ ഏർപ്പെടുമ്പോഴാണ് പാമ്പ് കടിച്ചതെന്ന് പറയാൻ മടിച്ചു മരിച്ച പത്മരാജൻ്റെ കഥാനായികയെ ഓർമയില്ലേ. രതിയെക്കുറിച്ചു പറയരുതെന്ന് അതിനെ ഒളുപ്പിച്ചു വയ്ക്കണമെന്നും നമ്മൾ വരും തലമുറയോട് പറയുമ്പോൾ നമ്മൾ ഉണ്ടാക്കുന്ന പരോക്ഷമായ ക്ഷതമാണ് പിന്നീട് പീഡിപ്പിക്ക മിക്ക ഇരകളെയും വായ്മൂടിക്കെട്ടുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ താരതമ്യേന ഇങ്ങനെയുള്ള പ്രവണത കുറവാണെന്ന് പറയുമ്പോഴും, തൊഴിൽ ഇടങ്ങളിലുള്ള ആൺ മേല്കോയ്മയിൽ പലപ്പോഴും അവിടുത്തെ സ്ത്രീ സമൂഹം നിശബ്ദമാകുന്നത് കാണാം. ജീവനേക്കാൾ വലുത് അഭിമാനമാണെന്ന് പറയുന്ന സിനിമാ കഥാപാത്രങ്ങളോട് അതുകൊണ്ട് തന്നെ എനിക്ക് പുച്ഛമാണ്. അഭിമാനം ഒരു സാമൂഹിക സൃഷ്ടിയാണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത യുവജനതയാണ് ഇന്ന് വളർന്നു വരുന്നത്. അത്തരം സാമൂഹിക സൃഷ്ടിയേക്കാൾ വലുത് ജീവൻ തന്നെയാണെന്നും, തൻ്റെ  ശരീരത്തിൽ സാമൂഹ്യ കുടുംബ വ്യവസ്ഥികൾക്ക് യാതൊരു അവകാശവും ഇല്ലെന്നും തിരിച്ചറിയുകയാണ് വേണ്ടത്. അതിലേക്കുള്ള കടന്നുകയറ്റങ്ങൾ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയാണ് വേണ്ടത്. ക്രുദ്ധയായ ഇന്ത്യൻ ദേവതയെപോലെ അതിനെ ചെറുത്തുതോൽപ്പിക്കുകയാണ് വേണ്ടത്. പുറത്തു പറയുകയും വിശദമായി വിശകലനം ചെയ്യുകയും ചെയുന്ന ഒരു വിഷയമായി രതിയും അതിനുള്ള അനുമതിയും മാറുകയാണ് വേണ്ടത്.


Comments

Post a Comment

Popular Posts