Photo by Marc-Olivier Jodoin on Unsplash
|
ശരീരം ഒരു വെള്ളാരം കല്ലുപോലെ തിളങ്ങി.
ഗന്ധർവൻ കരയുടെ അടുത്തിരുന്നു.
തടാകത്തിലേക്ക് നോക്കിയിരുന്നു.
തടാകം തിരിച്ചും.
ഗന്ധർവൻ കരയിലിരുന്നു പാട്ടുകൾ ഓരോന്നായി പാടിക്കൊണ്ടിരുന്നു. തടാകം ഓരോ തവണയും പുളകം കൊണ്ടു. ഓരോ തവണയും ഇളകി മറിഞ്ഞു.
ഒരിക്കലെങ്കിലും ഗന്ധർവനെ ഒന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ. പച്ചവള കാടുകൾ തടാകത്തിന്‍റെ ആലോചനകൾ അറിഞ്ഞു ഒരു നൂറ് ഇലകൾ കൊഴിച്ചു കൊടുത്തു. ചതുപ്പിലെ ചളികുത്തി തടാകം ഇലകളുമായി ചേർത്തു. അടിത്തട്ടിലെ മണ്ണ് ജലവുമായി ചേർന്നുകുഴഞ്ഞു. തെളിഞ്ഞ നീര് കലങ്ങി. അതിലൊരു പുരുഷ ശരീരം തെളിഞ്ഞു. കാറ്റ് വള്ളികളിൽ ഊതി ഉണ്ടാക്കിയ മുടികളായിരുന്നു അവന്.
നിലാവ് വീണ തൊലിപ്പുറത്ത് കലങ്ങിയ വെള്ളമൊഴിഞ്ഞു. ജലനിരപ്പിന്‍റെ തൊട്ടു താഴെ തടാകത്തിന്‍റെ ഹൃദയം മടിച്ചു. മിടിപ്പിന്‍റെ തോത് കുറഞ്ഞു. ആ മിടിപ്പ് പിന്നെ ഭിംബത്തിന്‍റെതായി. അവൻ കണ്ണുകൾ തുറന്നു. അവനു തടാകത്തിന്‍റെ കണ്ണുകളായിരുന്നു. ആഴമില്ലാത്ത തെളിഞ്ഞ കണ്ണുകൾ.
കരപ്പരപ്പിന്‍റെ അടുത്തേക്ക് അവൻ നടന്നു. ഗന്ധർവനെ പിന്നിൽ നിന്നൊന്ന് തൊട്ടു. പച്ചവളക്കാട് അടിമുടി ഇളകി. ഗന്ധർവൻ തിരിഞ്ഞൊന്ന് നോക്കിയപ്പോഴേക്കും അവൻ ചുണ്ടുകളിൽ ഉമ്മവച്ചു. ഉമ്മകൾ വച്ചൊരുവിനാഴിക കഴിഞ്ഞിട്ടും അവർ പരസ്പ്പരം ചേർന്ന് തന്നെയിരുന്നു. കാട്ടുകൊഴികൾ എല്ലാം കണ്ടു തലകൾ ആട്ടി തിരിഞ്ഞു നടന്നു.
കയ്യും മെയ്യും ഒരുപോലെ അലിഞ്ഞു.
കണ്ണും ചുണ്ടും ഒരുപോലെ അലിഞ്ഞു.
പച്ചവള കാടിന്‍റെ നടുക്ക് രണ്ട് അദ്ഭുത ജീവികൾ രമിച്ചു .
ചിരിച്ചു.
സൂര്യനുദിക്കാൻ ഒരു 8 നാഴിക ബാക്കിയുള്ളപ്പോൾ പച്ചവളക്കാടുകൾ വീണ്ടും ഇളകി. ഇത്തവണയും അവരുമ്മ വച്ചു.
ഗന്ധർവൻ ക്ഷീണിച്ച കണ്ണുകൾ അടച്ചു.
ഉറങ്ങി.
കണ്ണുകൾ തുറന്ന് നോക്കിയപ്പോഴേക്കും തടാകം തെളിഞ്ഞിരുന്നു. പച്ചിലകൾ തിരിച്ചു പച്ചവള കാട്ടിലേക്ക് പറന്ന് കേറിയിരുന്നു. കാറ്റൂതി ഉണ്ടാക്കിയ മുടികൾ വള്ളിപടർപ്പിലേക്കു തിരികെപ്പോയിരുന്നു.
രാത്രികണ്ട തടാക കണ്ണുള്ളവനെ ഗന്ധർവൻ ഒരുപാട് തിരഞ്ഞു. തിരികെ തടാകത്തിന്‍റെ അരിക്കലെത്തിയപ്പോൾ ജലപ്പരപ്പിന് അടിയിൽ മിടിക്കുന്ന ഹൃദയത്തെ കണ്ടു. തെളിഞ്ഞ തടാകത്തിന്‍റെ അഴമില്ലാത്ത ആഴങ്ങളിൽ രണ്ടു കണ്ണുകൾ കണ്ടു!
Comments
Post a Comment