ദൂരം

Photo by Honey Fangs on Unsplash
മൊബൈലിന്‍റെ ഒരറ്റത്ത്
നിന്ന് മറ്റേ അറ്റത്തേക്ക്
കണ്ണടച്ച് തുറക്കുന്നതിനുളളിൽ
എത്താനായിരുന്നെങ്കിൽ


മരണ ജനനങ്ങൾക്ക്
മനസ്സിലാവാത്ത ദുഃഖം
നിറഞ്ഞ കണ്ണുകൾ രണ്ടിലും
ഒരോ മുത്തം കെടുത്തേനെ

ഇലയോടും പൂവിനോടും
ഒരുപോലെ സംസാരിക്കുന്ന
ഹൃദയമുള്ള നിന്നെ തോളോട്
തോൾ ചേർത്ത് ആശ്വസിപ്പിച്ചേനെ

ഒറ്റയ്ക്കായെന്ന് അവന്
തോന്നുന്ന ഓരോ രാത്രിയിലും
അവന്‍റെ നെഞ്ചിടിപെണ്ണി
കൂടെക്കിടന്നേനെ

ജനാല വഴി വരുന്ന
തണുത്ത കാറ്റിനോട് പോലും
ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞ്
ഞാൻ കലഹിച്ചേനെ

രാത്രിയിൽ ഉറക്കമെഴുന്നേറ്റ്
ഞെട്ടിത്തിരിയുമ്പോൾ
കൂടെയുണ്ടെന്ന് പറഞ്ഞ്
മുടിയിൽ കൈയ്യോടിച്ചേനെ

എന്തിനെന്നില്ലാതെ ഇടയ്ക്ക്
കരയുന്ന വേദനകളെ എളുപ്പം
തൊട്ടറിയുന്ന നിന്നെ തോളിലണച്ച്
ഞാനും കൂടെ കരഞ്ഞേനെ

നമുക്കിടയിലെ ദൂരം
ഒരു ഇമവെട്ടകലെ
ആയിരുന്നെങ്കിൽ
ഹൃദയത്തിന്‍റെ ഒരറ്റത്ത്
നിന്നെ ഉമ്മവച്ച്, തഴുകി,
ഉറക്കി ശബ്ദമില്ലാതെ മുറി-
വിട്ടിറങ്ങി ഞാനും ഉറങ്ങുകയാണ്

Comments

Popular Posts