വരൂ

the death of love la muerte del amor by Arantzazu Martinez
പ്രണയത്തെക്കുറിച്ചു
നിന്നോടൊന്നും സംസാരിക്കാനില്ല.
പ്രണയത്തെക്കുറിച്ചു ഞാൻ ഒരുപാടു പറഞ്ഞിട്ടുണ്ട്.
ഒരു പാടാളുകളോട്.
വരൂ, ചേർന്നിരിക്കൂ
കഴുത്തിലുമ്മവയ്ക്കൂ.
നമുക്ക് മരണത്തെകുറിച്ചു
സംസാരിക്കാം

ഒരുമിച്ചിരുന്നു മരണ
മഞ്ചലുകൾ അലങ്കരിക്കാം
നിനക്ക് ഞാൻ വെളുത്ത
ലില്ലി പൂക്കൾ കൊണ്ടൊരു
മഞ്ചൽപണിയും
നീ അതിൽ വെളുത്ത വസ്ത്രമുടുത്ത്‌
കിടക്കണം

ചെറിയ കൈകൾക്ക് ഞാൻ
അവസാനമായി ഉമ്മ വയ്ക്കാം.
നേർത്ത കൺപോളകളിലും
ഇരുണ്ട ചുണ്ടുകളിലും
ഓരോ പൂക്കൾവീതം വയ്ക്കാം.
ചൂട് മാറാത്ത ശരീരത്തോട്
ചേർന്ന് കിടക്കാം.

നീ മരികുമ്പോൾ ഞാൻ
കൂടെ വരും
നിന്റെ ഇരുട്ടിലേക്കും
പിന്നെ നിന്റെ വെളിച്ചത്തിലേക്കും .

വരൂ നമുക്ക് മരണത്തെക്കുറിച്ച്
സ്വപ്നം കാണാം.

ഞാൻ മരിക്കുമ്പോൾ
നീ എന്റെ കാൽക്കൽ
ഒരു പിടി ഗുൽമോഹറിതളുകൾ
വാരിയിടണം.
നേർത്ത കാലിലെ പൊങ്ങിയ
ഞരമ്പുകൾ ആരും കാണരുതേ.

എന്റെ കണ്ണുകളെ തുറന്നു
തന്നെ വയ്ക്കുക.
ശവപ്പെട്ടിയുടെ ഇരുട്ടിലും
എനിക്ക് സ്വപ്നങ്ങളെ
പേടിയായിരിക്കും.

കാലുകൾ കൂട്ടി
കെട്ടരുതേ.
മരണത്തിനു ശേഷവും
എനിക്ക് നിന്റടുക്കലേക്ക്
നടക്കേണ്ടതുണ്ട് .

നിന്റെ അവസാന ശേഷിപ്പിനെ
പുഴുക്കളരിക്കും വരെ.
നിന്റെ ഓർമ്മകൾ കാലം
പുതിയ മരണങ്ങൾ കൊണ്ട്
മായ്ക്കും വരെ.
നിന്റെ ശരീരം
വെളുത്ത ലില്ലി പൂക്കളായി
വിരിയും വരെ.
കൂടെ ഞാനിരിക്കാം.
പുഴുക്കളായി, പൂക്കളായി,
മരണമായി.

വരൂ നമുക്ക് മരണത്തെ കുറിച്ച്
സ്വപനം കാണണം


Comments

Popular Posts