നാലുകൊല്ലത്തെ അസ്ഥിക്ക് പിടിച്ച പ്രണയം ഒരു കൊല്ലത്തെ പോസ്റ്റ് ബ്രേക്ക്അപ്പ് ട്രോമ (അല്ലെങ്കിൽ ഡ്രാമ). പിന്നെയും നാലഞ്ചു കൊല്ലം കഴിഞ്ഞു. വീണ്ടും പലരെയും പ്രേമിച്ചു. ഇത്രയൊക്കെ കഴിഞ്ഞിട്ടും ഇന്നലെ രാത്രി കോഴിക്കോട് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ രാത്രി വൈകിയും ബസ് സ്റ്റാന്റിൽ കാത്തിരിക്കാൻ എന്തിനാണ് ഞാൻ തയ്യാറായത്?
പഴയകാമുകനെ കാണുമ്പോഴൊക്കെ ഞാൻ ഓർമകളിലേക്ക് ഊളിയിട്ട് ഇറങ്ങുന്നു. പഴയ കഥകളും, സായാഹ്നങ്ങളും, സിഗരറ്റും, ചയകുടിയും ഒക്കെ ആലോചിച്ചു കൂട്ടികൊണ്ടിരിക്കും. കാരണങ്ങളില്ലാതെ ഒരേ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ അയാളെത്തന്നെയാണ് ഇപ്പോൾ കാത്തിരിക്കുന്നതും. നാലുവർഷത്തെ ഗംഭീര പ്രണയത്തിനൊടുവിൽ ഈർക്കിൽ ഓടിച്ചിട്ട് പോയ മനുഷ്യനെ ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്.
പിരിഞ്ഞ ശേഷവും അയാളുടെ പിന്നാലെ നാണമില്ലാതെ നടന്നിട്ടുണ്ട്. അയാൾക്ക് കാണാൻ താത്പര്യമില്ലാഞ്ഞിട്ടും പത്തു പതിനേഴ് കിലോമീറ്റർ എന്നും സഞ്ചകരിച്ചു കാണാൻ പോവറുണ്ടായിരുന്നു. പ്രണയത്തിന്റെ വിത്ഡ്രോവൽ സിൻഡ്രോം തെളിയിക്കുന്ന കണക്കെ, അർത്ഥമില്ലാതെ ഞാൻ അയാളെ കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പ്രണയം തുടങ്ങുന്നതുപോലെ തന്നെ അവസാനിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ ഞാൻ മാസങ്ങളെടുത്തു. അപ്പോഴൊക്കെ ഒരു തീർത്ഥാടനം പോലെ അയാളെ കാണാൻ ഞാൻ യാത്ര പോയ്‌ക്കൊണ്ടിരുന്നു.
ആലോചനകൾ വിങ്ങി കൊണ്ടിരിക്കുന്ന ksrtc സ്റ്റാൻഡിൽ ഞാൻ അയാൾക്ക് വേണ്ടി വീണ്ടും കാത്തിരിക്കുകയാണ്. വരുന്നുണ്ടെന്ന് അറിയുമ്പോൾ തന്നെ എന്തിനാണ് വീണ്ടും കാണണമെന്ന് മനസ്സ് പറയുന്നത്. ഒരു ഇടവേളയ്ക്കു ശേഷവും അയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. പണ്ടുള്ള അതേ വികാരത്തോടെ അയാളെ കാണുവാൻ വേണ്ടി ഇതാ ഇപ്പോഴും കാത്തിരിക്കുന്നു. പണ്ട് ഒരു ബസ് സ്റ്റോപ്പിന്റെ അരികിൽ സിഗരറ്റുമായിട്ടാണെങ്കിൽ ഇന്ന് ഈ ബസ് സ്റ്റാൻഡിൽ ഷേർട്ടിനുള്ളിൽ ഒലിച്ചിറങ്ങുന്ന വിയർപ്പ് വഴികളെ പിന്തുടർന്നുകൊണ്ടാണെന്ന് മാത്രം. ആലോചനയ്ക്ക് അറുതി വരുത്തി മൊബൈൽ റിങ്‌ചെയ്തു, അയാളായിരിക്കും. അതേ, അവൻ തന്നെയാണ്.
![]() |
Photo by Elvin Ruiz on Unsplash |
"എടാ, ഞാൻ കോഴിക്കോട് എത്തി. പുതിയ സ്റാന്റിലാണ്. പ്രൈവറ്റ് ബസിനാണ് വന്നത്"
"ശരി, നീ ഫോക്കസ് മാളിൽ കയറി നിക്ക് ഞാൻ അങ്ങോട്ട് വരാം"
Ksrtc സ്റ്റാന്റിൽ നിന്ന് നടക്കാവുന്ന ദൂരമേ ഫോക്കസ് മാളിനുള്ളൂ. എന്നാലും ഓട്ടോ പിടിച്ചു ഞാൻ അവിടെയെത്തി. റോഡ് ക്രോസ്സ് ചെയ്യുമ്പോൾ വീണ്ടും മൊബൈൽ റിങ്‌ചെയ്തു.
"ഞാൻ പിറകിലുണ്ട് നീ നേരെ നടക്ക്"
പിറകിലേക്ക് തിരിഞ്ഞു കൈകൾ ഉയർത്തി ഞാൻ ഫോണിലൂടെ പറഞ്ഞു
"ശാരി, ഞാൻ നടക്കുകയാണ്"
റോഡ് മുറിച്ചു കടക്കുന്ന അവനെയും നോക്കി മറ്റെയറ്റത് ഞാൻ നിൽക്കുകയാണ്. പഴയ പോലെതന്നെയാണ്. താടി വന്നിട്ടുണ്ട്, കുറച്ചു കറുത്തുപോയി, വയസ്സ് മാറിയത് മുഖത്ത് എഴുതിയിട്ടുണ്ട്.
അടുത്ത് വന്ന ഉടനെ ഞാൻ കൈകൾ കോർത്തു. (അതിൽ അത്ര പ്രത്യേകത ഒന്നുമില്ല. കൈകൾ കോർത്തുപിടിക്കുന്ന ഇന്ത്യയിലെ ആണുങ്ങൾ ബിബിസി ക്ക് ഒരു ആർട്ടിക്കിൾ ടോപിക് ആണ്.)
ഫോക്കസിന്റെ പടികൾ കയറുമ്പോൾ അവൻ പഴയപോലെ സൂത്രത്തിൽ കൈകൾ വിടുവിച്ചു.
"ആളുകളൊക്കെ കാണുമെന്ന്.."
"Seriously..ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അത് മാറിയിട്ടില്ലേ"
"എന്ത് മറിയില്ലേ എന്നാണ് നീ പറയുന്നത്. ഞാൻ അന്നും ഇന്നും ഒരുപോലെയാണ്"
"അതേ അതാണ് ചോദിച്ചത്, മാറിയില്ലേ എന്ന്?"
ഞങ്ങൾ ശീതീകരിച്ച മാളിന്റെ ഉള്ളിലേക്ക് കടന്നു. നേരെ ഡിസി ബുക്സിലേക്ക് പോയി. അതല്ലെങ്കിലും ഒരു ചടങ്ങാണ് നേരെ ഡിസി, അവിടെ പുസ്‌തകങ്ങൾ നോക്കിക്കൊണ്ടു സ്വൽപ്പം സംസാരിക്കും പിന്നെ വീണ്ടും പുറത്തേക്ക്, ഒരു ചായ കുടിക്കാൻ. ഡിസിയിൽ പുതിയ പുസ്തകങ്ങൾ നോക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു:
"വോട്ട് ചെയ്യാൻ വന്നതാണോ?"
"അത് മാത്രമല്ല, ഞാൻ അച്ഛന്റെ നാട്ടിൽ പോയി പിന്നെ വീട്ടിലേക്ക് കൊറേ ആയല്ലോ വന്നിട്ട്."
" ആർക്കാണ് വോട്ട് ചെയ്തത്?"
"നീ അത് ചോദിക്കും എന്നറിയാം"
" നീ പറ. ആർക്കാണ്? ബി.ജെ.പിക്ക് ആയിരിക്കും അല്ലെ?"
"അതെ, പ്രതിഷേധ വോട്ട്. വിശ്വാസത്തെ വ്രണപ്പെടുത്തിയതിന്"
"എന്നാൽ നോട്ട അമർത്തിയാൽ പോരെ എന്തിനാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തത്"
"മറ്റുള്ളവർക്ക് വോട്ട് ചെയ്തിട്ട് എന്താണ് കാര്യം"
"മറ്റുള്ളവർ എന്ന് ഉദ്ദേശിച്ചത് ഇടത് UDF പക്ഷത്തെ അല്ലെ? അതിൽ ഇടതിന് നീ വോട്ട് ചെയ്യില്ല അതെനിക്കറിയാം എങ്കിൽ ആ രാഹുലിനെങ്കിലും ഒന്നു ചെയ്തൂടെ? ഇത് എന്തൊരു മണ്ടത്തരമാണ്"
അവൻ ചിരിച്ചു. ഞാൻ തുടർന്നു
"ഞാൻ ചോദിക്കട്ടെ പണ്ടത്തെ ഇടത് ചായ്‌വോക്കെ ഇവിടെ പോയി? അതൊക്കെ ചുമ്മാ അങ്ങിനെ പറയുന്നതായിരുന്നോ?"
"ഒരോ കാര്യങ്ങൾ വരുമ്പോഴല്ലേ നമ്മൾ ആശയങ്ങളെ ഭാരമളക്കുക"
ഡിസിയിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു:
"എന്തിനാണ് ഇത്തരം റാഡിക്കൽ ആശയങ്ങളെ കൊണ്ട് നടക്കുന്നത്. മാറാൻ നോക്കുകയാണോ? ഭൂരിപക്ഷത്തെ വിലയിലെടുക്കാതെ, യാഥാർഥ്യത്തെ കാണാതെ മാറണമെന്ന് തോന്നിയപ്പോൾ, പഴയതൊക്കെ തെറ്റാണ് എന്നൊക്കെ തോന്നിയപ്പോൾ ആണോ ഈ മാറ്റം"
"നീ എന്താ പറയുന്നത്, അങ്ങനെ വിചാരിച്ചുകൊണ്ടുള്ള മാറ്റമാണോ മനുഷ്യനുള്ളത്?"
"Exactly വിചാരിച്ചുകൊണ്ടുള്ള ഒന്നല്ല. ഒരു സബ് കോൺഷ്യസ് ലെവലിൽ ഉള്ള മാറ്റം. നിനക്ക് എന്നോട് ഉണ്ടായിരുന്ന പ്രണയം തെറ്റാണെന്ന് നീ ഇപ്പോഴും വിശ്വസിക്കുന്നില്ലേ? അത് മാറ്റാൻ അല്ലെ നീ ഈ ആശയങ്ങളെ കൂട്ടു പിടിച്ചത്. ഒരു മാറ്റത്തിന് കാരണമാക്കിയത്. ഒരുതരം ഒളിച്ചോട്ടം."
"അങ്ങനെ ഒന്നുമല്ല, നിനക്ക് അതൊക്കെ തോന്നുന്നതാണ്. അന്ന് നടന്നതിൽ നിന്നൊക്കെ ഞാൻ എത്രയോ മാറിയിരിക്കുന്നു"
"നിനക്ക് internalised homophobia ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെറ്റാണ് ചെയ്തതെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനെ മറികടക്കാൻ വേണ്ടി മാത്രം ഓരോ റാഡിക്കൽ ആശയങ്ങളെ കൂട്ടു പിടിക്കുകയുമാണ് നീ ചെയ്യുന്നത്"
" നീ എപ്പോഴും നിഷേ...."
ഞാൻ ഇടയ്ക്ക് കയറി "എന്തിനാണ് നമ്മൾ വഴക്കിടുന്നത്. വളരെ കുറച്ചു നേരത്തേക്കെ നമ്മൾ കാണുന്നുള്ളൂ വഴക്കിടേണ്ട"
"ശരി. ഞാൻ അല്ലെങ്കിലും ഒന്നും പറയുന്നില്ല"
ഞങ്ങൾ ഒരുമിച്ചു മാളിന്റെ പുറത്തേക്ക് നടന്നു.
സ്റ്റെപ് ഇറങ്ങുമ്പോൾ ഞാൻ പറഞ്ഞു "നമുക്ക് എന്തെങ്കിലും കഴിച്ചാലോ? നീ കഴിച്ചിട്ടാണോ വന്നത്?"
"ഇല്ല ഞാൻ കഴിച്ചില്ല. വേണമെന്നില്ല. ട്രെയിൻ കയറിയാൽ പിന്നെ നല്ല ഉറക്കമാണ്. ഒന്നുമറിയില്ല."
"എന്നാലും, അവിടെ വരെ പോവേണ്ടതല്ലേ"
"എന്നാൽ ലൈറ്റ് ആയിട്ട് എന്തേലും"
"മസാല ദോശ ആയാലോ. നമുക്ക് ശരവണഭവനിൽ പോവാം"
"ആയിക്കോട്ടെ"
ഞങ്ങൾ റോഡരികിലൂടെ നടന്നു. അവനെക്കാൾ എനിക്ക് ഉയരം കൂടിയപോലെ ഒരു തോന്നൽ. പഴയ നടത്തം തന്നെയാണ്. അല്ലെങ്കിലും നടത്തം ഒക്കെ ഒരാളുടെ ജീവിതത്തിൽ ഒന്നല്ലേ ഉണ്ടാവുകയുള്ളൂ. ഞങ്ങൾ ശരവണഭവനിൽ കയറി അവനൊരു ഒരു മസാല ദോശയും എനിക്കൊരു നെയ്‌റോസ്റ്റും ഓർഡർ ചെയ്തു. ഇലക്ഷൻ കഴിഞ്ഞു ഒരു കൂട്ടം വനിതാ പൊലീസുകാർ ഹോട്ടലിൽ ഉണ്ടായിരുന്നു. ഒരു ദിവസത്തെ മുഴുവൻ ക്ഷീണവും മുകത്തുള്ള കൊറേ പൊലീസുകാർ. ഞങ്ങൾ കൈകഴുകി ഇരുന്നു.
കഴിക്കുന്നതിനിടെ ഞാൻ പഴയ ഒരു കാര്യം ഓർത്തു. ഏകദേശം ഒരു കൊല്ലം മുൻപേ നടന്നതാണ്. ഞാൻ PhD ഇന്റർവ്യൂ-യിൽ പങ്കെടുക്കാൻ അവൻ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിരുന്നു. അവനോട് പറയാതെ അവിടെ എത്തിയിട്ടും ഞാൻ വന്ന വിവരം അവനറിഞ്ഞു. എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് "നിന്റെ കളികൾ ഒക്കെ കണ്ടാൽ തന്നെ നിന്നെ വേർതിരിച്ചറിയാം" എന്നായിരുന്നു ഉത്തരം. ഒട്ടും സെൻസിറ്റീവ് അല്ലാത്ത ഒരാളെ പോലെ നിന്റെ "മറ്റേ" സുഹൃത്തുക്കൾ ഒക്കെ സുഖമല്ലേ എന്നൊരു കുശാലന്വേഷണവും കൂടെയുണ്ടായിരുന്നു. അതോർത്ത് ഞാൻ പറഞ്ഞു: "നിനക്ക് ഏറെ സെൻസിറ്റീവിറ്റി നഷ്ടമായിട്ടുണ്ട്. ഒരു പക്ഷെ നിന്റെ ചിന്തകളുടെ ഒരു സൈഡ് എഫക്ട് ആവും അത്"
"അങ്ങനെ ഒരു പരാതി ഞാനും കേട്ടു. ചിലപ്പോൾ സയൻസ് പഠിക്കുന്നത് കൊണ്ടാവാം"
"ശരിയാണ്, ശാസ്ത്ര വിദ്യാർത്ഥികൾക്ക് സഹതാപവും അനുതപവും ഒക്കെ കുറവാണെന്നുള്ള ആർട്ടികളുകൾ ഞാൻ വായിച്ചിട്ടുണ്ട്. പക്ഷെ ഞാനും ശാസ്ത്രം തന്നെയാണ് പഠിച്ചത്. എനിക്കങ്ങനെ ഒരു കുറവുള്ളതായി പരാതി ഒന്നും കേട്ടിട്ടില്ല"
"ആവോ, ചിലപ്പോൾ ബിയോളജി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇല്ലെങ്കിലോ? പ്രകൃതിയെ കുറിച്ചൊക്കെ പഠിക്കുന്ന വിഷയം അല്ലെ?"
"പ്രകൃതിയെ കുറിച്ചു പഠിക്കുന്നവർക്ക് അത് തീരെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം പ്രകൃതിയിൽ എല്ലാം കിരാതമാണ്, പ്രാകൃതമാണ്. ഞാൻ പഠിച്ചത് ആണെങ്കിൽ ബയോകെമിസ്ട്രി ആണ്. എല്ലാം രസപ്രവർത്തനം ആണെന്ന് പറയുന്ന വിഷയം. പ്രണയം വരെ"
"ഉം..അതും ശരിയാണ്"
എന്തെല്ലാമോ പറഞ്ഞു ഞങ്ങൾ കൈകഴുകി ഇറങ്ങുമ്പോൾ സമയം 9 മണിയായിരുന്നു.
"എപ്പോഴാണ് ട്രെയിൻ"
"സമയം ഉണ്ട്. 9:45 നാണ്. നമുക്ക് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നാലോ?"
"ശരി. ഓട്ടോ വിളിക്കണമെങ്കിൽ വിളിക്കാം അല്ലെങ്കിൽ നടക്കാം. സമയം ഉണ്ടാവുമോ?"
"അതൊക്കെ ധാരാളം ഉണ്ട്. നമുക്ക് നടക്കാം"
ഞങ്ങൾ റോഡ് മുറിച്ചു കടന്ന് സ്റ്റേഡിയം ജംക്ഷണിലേക്ക് നടന്നു.
"നീ ഇതുവരെ ആ പെങ്കുട്ടിയുടെ പേരു പറഞ്ഞില്ല"
"ഒരു പേരിലെന്തിരിക്കുന്നു." അവൻ കൈ കൊണ്ട് ചോദ്യം ചോദിക്കുന്ന പോലെ ഉയർത്തിപ്പിടിച്ചു പറഞ്ഞു
ഞാൻ തുടർന്നു " നീ നിന്റെ ഈ ബുദ്ധിമോശം ഒക്കെ അവളുടെ അടുത്തും പറയറുണ്ടോ"
അവൻ ചിരിച്ചു. "ഞങ്ങൾ ഇപ്പോൾ ആ സ്റ്റേജ് ഒക്കെ കഴിഞ്ഞു. ഇപ്പോൾ ലാബിൽ നിന്ന് ഇറങ്ങി ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ സംസാരിക്കും"
"അത്രയേ ഉള്ളു?"
"ഉം..."
പൂന്താനം ജംക്ഷണിൽ നിന്ന് തിരിഞ്ഞു പാളയത്തിലൂടെ നടക്കുകയാണ് ഞങ്ങൾ. ഈ റോഡിലൂടെ ഒരുപാട് നടന്നിട്ടുണ്ട് അവന്റെയൊപ്പം. ഇപ്പോൾ നടക്കുമ്പോൾ പഴയപോലെയല്ല. മറ്റൊരാളുടെ കൂടെ നടക്കുന്നതുപോലെ. Don't meet your heroes എന്നൊരു പറച്ചിൽ ഉണ്ട്. നമ്മൾ ആരാധിക്കുന്ന (പ്രണയിക്കുന്ന) ഒരു വ്യക്തിയെ നേരിൽ കാണുമ്പോൾ നമ്മൾ മനസ്സിൽ ഉണ്ടാക്കിയെടുത്ത രൂപത്തിന്റെ ഏഴ് അയലത്തു പോലും അയാളുലുണ്ടാവില്ല എന്നതാണ് അതിനർത്ഥം. അത് മാറ്റി don't meet your ex-lover എന്നാക്കിയാലും തെറ്റില്ല. കഴിഞ്ഞ തവണ കണ്ടപ്പോൾ ആർത്തവം എന്നത് ഒരു ചീത്ത കാര്യമാണെന്നും അത് തുറന്ന് പറയേണ്ടെന്നും പറഞ്ഞ മനുഷ്യനാണ് കൂടെ നടക്കുന്നത്. മൂത്രം ഒഴിക്കുന്നപോലെ എന്തോ 'മ്ലേച്ഛ' മാണ് അതെന്നുമൊക്കെ പറയുന്ന ആരോ ഒരാളുടെ കൂടെ, പേരില്ലാത്ത ഒരു കാമുകിയുള്ള, സ്വാവർഗപ്രണയം തെറ്റാണെന്ന് പറയുന്ന എന്നാൽ നാലുവർഷം എന്നെ പ്രണയിച്ച ഒരാൾ. എങ്ങനെയാണ് മനുഷർ ഇത്ര മാറിപോവുന്നത്.
ലിങ്ക് റോഡിലേക്ക് ക്രോസ്സ് ചെയ്തപ്പോൾ അവനെന്റെ കയ്യിൽ പിടിച്ചപ്പോഴാണ് ഞാൻ ആലോചനയിൽ നിന്നൊന്ന് വഴുക്കിയത്.
"നീ എന്താണ് ഒന്നും പറയാത്തത്. കോളേജ് ഒക്കെ എങ്ങനെ പോവുന്നു?"
"കുഴപ്പമില്ല. കുട്ടികൾ ഒക്കെ മാറിയിട്ടുണ്ട്"
"എന്താ അങ്ങനെ തോന്നാൻ"
"പണ്ടൊക്കെ നമ്മൾക്ക് ഒരു റഫൻസ് തരും അത് google search ചെയ്തു കണ്ടുപിടിക്കും, അങ്ങനെ ഒക്കെയല്ലേ? ഇപ്പോൾ സെർച്ച് ചെയ്ത ലിങ്ക് whatsapp-ഇൽ അയച്ചുതരാനാണ് പറയുക"
"അതൊരു സത്യമാണ്"
അവനോടു ഒന്നിലെങ്കിലും യോചിച്ചു പോയതിൽ ഞാൻ ആശ്വസിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ട്രെയിൻ വരാനുള്ള നേരമായിരുന്നു. ഞങ്ങൾ പ്ലാറ്ഫോമിൽ കയറിയിരുന്നു. അവൻ പെട്ടന്ന് എന്നോട് പറഞ്ഞു
"നിനക്ക് കൂടുതൽ വിവരമുള്ള സുഹൃത്തുക്കൾ ഉണ്ടാവട്ടെ. അവരോട് സംസാരിച്ചു നീ പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കണം"
തെളിമയുള്ള ഇത്തിരി വിവരമുണ്ട് അതുവച്ചു ഞാൻ ജീവിച്ചോളാം എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു പിന്നെ ഒന്നും പറഞ്ഞില്ല. ഉപചാരം പറഞ്ഞു ഇറങ്ങുമ്പോൾ ഞാനോർത്തു പോയി ഇന്നാണ് ഇങ്ങനെയുള്ള സങ്കി, ഷോവിനിസ്റ്റ് പാട്രിയർക്കിയൽ ആന്റി ഫെമിനിസ്റ്റ് ആയ ഒരാൾ പ്രണയിക്കാൻ വരുന്നതെങ്കിൽ ഞാൻ കണ്ടം നോക്കി ഓടാൻ പറഞ്ഞേനെ. ചിലപ്പോൾ അങ്ങനെയാണ് പ്രണയം. നമ്മൾ മുഴുവനായി എതിർത്ത മനുഷ്യനെ പ്രണയിച്ചു തീരുമ്പോഴാവും എന്തൊരു മണ്ടത്തരമാണ് ചെയ്തതെന്ന് ആലോചിക്കുക. അതുവരെ പ്രണയത്തിന്റെ ഹോർമോണുകൾ നമ്മെ അന്തരാക്കുന്നുണ്ടെന്നു തോന്നുന്നു. ആദ്യ പ്രണങ്ങളുടെ റൊമാന്റിസിസേഷൻ മിത്തുമാത്രമാണെന്ന് തിരിച്ചറിഞ്ഞു വീണ്ടും വന്ന വഴി ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ ചുറ്റിലുമുള്ള സ്ട്രീറ്റ് ലൈറ്റുകൾ കൂടുതൽ പ്രകാശിക്കുന്നു (ഈ പ്രകാശത്തിനു എന്ത് പ്രകാശം). അഞ്ചു വർഷം വേണ്ടിവന്നു ഈ തിരിച്ചറിവിനെന്നു ഓർക്കുമ്പോൾ നാണം തോന്നിപോവുകയാണ്.
ഒച്ചവെയ്ക്കാത്ത നഗര വീഥികൾ മുറിച്ചുകടന്നു യന്ത്രത്തെ പോലെ നടന്നു കിതച്ചു സ്റ്റാന്റിന്റെ വീർപ്പിൽ ഇഴുകുമ്പോൾ ഞാൻ ഇപ്പോഴുള്ള കാമുകനെ മനസ്സിലോർത്തു. നിന്നെ കണ്ടില്ലായിരുനെങ്കിൽ ഞാൻ ഇപ്പോഴും പ്രണയത്തിന്റെ റൊമാന്റിക് സങ്കൽപ്പങ്ങൾക്ക് ചുക്കാൻ പിടിച്ചു നടന്നേനെയെന്നു. ഇന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഒരു വിഷയം കൂടി കിട്ടിയെന്ന് ഓർത്തുകൊണ്ടു വീട്ടിലേക്ക് പോവാനുള്ള ബസിന്റെ ബോർഡ് അന്വേഷിച്ചു ഞാൻ നടന്നു.
Comments
Post a Comment