![]() |
Photo by Christiana Rivers on Unsplash
|
ചോരകട്ടകൾ കൊണ്ട്
വിടുവിക്കാനാവാത്ത വിധം
നിന്‍റെ ഹൃദയത്തിനോട്
എന്റേത് ചേർന്നിരിക്കുന്നത്
മനസ്സിലാവുന്നില്ലേ
പിരിക്കാനാവാത്ത വിധം
കൈകൾ പെട്ടു
പിണർന്നു നിൽക്കുന്നത്
അനുഭവിക്കാൻ
കഴിയുന്നില്ലേ
നമ്മെ പേർത്ത്
നിർമിച്ചു ഒരു ദേശത്തിന്‍റെ
രണ്ടറ്റങ്ങളിൽ ഇട്ട
നിന്‍റെ ദൈവം
എത്ര ബുദ്ധിശൂന്യനാണ്
പ്രണയം ശൂന്യതയിലും
തിളങ്ങുമെന്നാണ് ഞാനറിഞ്ഞത്. അങ്ങനെയെങ്കിൽ
എന്‍റെ ഹൃദയം
ഇവിടെ പ്രകാശിക്കുന്നത്
അങ്ങേ ദിക്കിലിരുന്ന്
നിനക്ക് കാണാനാകും.
നിന്‍റെ വാക്കുകൾ
കാത്തിരിക്കുമ്പോൾ
അതിനിടയിൽ
പ്രണയ-ദീപ്തിക്ക് ചുറ്റും
മിന്നാമിന്നി കണക്കെ
പാറി നടക്കുകയാണ്
എന്‍റെ ഹൃദയം.
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന
അയോർട്ട, വ്യാസം
മതിയാവാതെ
പിടയ്ക്കുകയാണ്.
എന്നിട്ടും കാത്തിരിക്കുന്നു
എന്ന ഒറ്റവാക്കിൽ ഒതുക്കി
സ്നേഹത്തിന്‍റെ വിവരണങ്ങൾ
നൽകാതെ വഴിമാറി നടക്കുന്ന
ഒരു ഭീരുവാണ്
നിന്‍റെ കാമുകൻ
Comments
Post a Comment