![]() |
Photo by Irina Kostenich on Unsplash
|
ദൂരെ ദൂരെ നിന്നൊരു
കെട്ടിപ്പിടുത്തം
ദൂരെ ദൂരെ നിന്നൊരു
ഉമ്മവയ്ക്കൽ
ചൂടാറിയാത്ത കെട്ടിപ്പിടിത്തം
നനവറിയാത്ത ഉമ്മകൾ
ഇടയ്ക്ക് പ്രണയം ദൂരങ്ങളിൽ എവിടെയോ
വിറങ്ങലിച്ചു ചിറകറ്റ് വീണ്
താഴെ അതൊരു ഒറ്റമുല്ല വള്ളിയായി
ചൂടാറിയാത്ത കെട്ടിപ്പിടിത്തങ്ങൾ ഇല്ലാതെ
നനവറിയാത്ത ഉമ്മകൾ ഇല്ലാതെ
പ്രണയമില്ലെന്നു ധരിച്ചു രണ്ടുപേരും മിണ്ടാതെ യിരുന്നു
പ്രണയമപ്പോഴും പൂത്തിരുന്നു
വല്ലിക്കൊടിനുള്ളിലിരുന്നു
നാട്ടുകാർ അപ്പോഴും പറഞ്ഞു
'എന്തൊരു മണമാണ് ഈ
ഒറ്റമുല്ലയ്ക്ക്
പ്രേമത്തിന്‍റെ മണംപോലെ!'
വഴിയോരത്തെ മുല്ല തൈകൾ ഒക്കെയും
അങ്ങനെ ഉണ്ടായതത്രെ!
മറന്നുപോയ പ്രണങ്ങളുടെ
ജീർണിച്ച വിത്തുകൾ
പെയ്യാറുണ്ട് പലപ്പോഴും ഇവിടെ.
നനുത്ത പുലർവേളകളിൽ
അവയൊക്കെയും
നാമ്പെടുത്തു വെയിൽ കായും.
പുതിയ ചില്ലകളിൽ പ്രണയം
മണക്കുള്ള ഒറ്റ മുല്ലകൾ
വിരിയും.
മറന്ന പ്രണയത്തിന്‍റെ
മുല്ലകൾ പറിച്ചു കൊണ്ടുപോവാൻ
വീണ്ടും വീണ്ടും
ഓരോരുത്തർ വരും.
പൂവെല്ലാം പെറുക്കിയാലും
മണം അപ്പോഴും
വള്ളിക്കാടിനുള്ളിൽ
നിറഞ്ഞു നിൽക്കും.
ആരെയും ശ്വാസം മുട്ടിച്ചു
വശം കെടുത്താൻ പാകത്തിൽ
രാത്രിയിൽ അവ
വീണ്ടും പൂക്കും.
മറന്ന പ്രണയത്തിന്‍റെ
വെളുത്ത പൂക്കൾ ശവകുടീരങ്ങളിൽ
പോകുന്ന നിത്യകല്യാണികളെ പോലെ തന്നെ
എല്ലാ ദിവസം പൂക്കാറുണ്ട്.
പലരും സംശയം തോന്നി മെരട്
മാന്തി നോക്കിയിട്ടുണ്ട്.
ഒരിക്കൽ
അതിന്‍റെ വേരിൽ നിന്ന്
രണ്ട് വിരലുകൾ കിട്ടിയത്രേ!
മറ്റൊരിക്കൽ എഴുതി
മുഴുവിക്കാത്ത കവിതയും,
ചുമന്നിരിക്കുന്ന ഒരു പേനയും!
Comments
Post a Comment