Skip to main content

Posts

Showing posts from February, 2016

ഇന്നലെ പോലെ തന്നെ

©Andrea Torres Balaguer , a photographer based out of Barcelona, Spain with a beautiful minimalistic approach. പ്രണയിക്കുന്നു ഇന്നലെ പോലെ തന്നെ ഇന്നും രാവിലത്തെ പരക്കം പാച്ചിലിൽ തലയിലൊരിറ്റ് തണുത്ത വെള്ളമൊഴിക്കുമ്പോൾ ഓർക്കാറുണ്ട് നിന്നെ (നമ്മളെ). തിരക്കുപിടിച്ചു ലാബുകളിൽ ഓടി നടക്കുമ്പോഴും ദാക്ഷിണ്യമില്ലാതെ വെള്ളെലികളുടെ ഹൃദയത്തിൽ മെഴുകുരുക്കി ഒഴിക്കുമ്പോഴും മറന്നു പോവാറില്ല നിന്നെ ഇന്നലെ പോലെ തന്നെ ഇന്നും വൈകുന്നേരത്തെ വിളർച്ചയിൽ കിടക്കയിൽ മലർന്നടിയുമ്പോൾ തണുത്ത വിരിപ്പുകളിൽ തിരയാറുണ്ട് നിന്റെ ചൂടും നെഞ്ചിടിപ്പും. രാത്രിയുടെ ഒറ്റപ്പെടലിൽ പുകതുപ്പുന്ന ഒരു കുഴലായി  പരിണമിക്കുമ്പോൾ നിന്റെ നിനവ് കണ്ണുകളിലേക്കു ഇരച്ചു കയറാറുണ്ട് ഇന്നലെ പോലെ തന്നെ ഇന്നും നീ ഇല്ലായ്മ ഒരു തമോഗർത്തമായി വാപൊളിച്ച് എന്റെ കിടക്കയിൽ അവശേഷിക്കുമ്പോൾ തലയണയിൽ അമർത്തി ചുംബിക്കാറുണ്ട് ഒടുവിലാ ഹോസ്റ്റൽ റൂമിലെ വിങ്ങുന്ന ഇരുട്ടിനു കണ്ണുകളിൽ അഭയം കൊടുക്കുമ്പോൾ നീയരികിലില്ലാത്ത വേളയിലേക്ക് ഉണരരുതെന്ന് ആശിക്കാറുണ്ട് ഇന്നലെ പോലെ തന്നെ എന്നും